ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളിനെയും ബെന്‍സിഗര്‍ ആശുപത്രിയേയും സംരക്ഷിക്കാൻ ഗൂഢ നീക്കം

ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളിനെയും ഗൗരിക്ക് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട ബെന്‍സിഗര്‍ ആശുപത്രിയേയും സംരക്ഷിക്കാൻ ഗൂഢ നീക്കം; സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു;ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ്

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കാൻ ഇടയാക്കിയ ട്രിനിറ്റി ലൈസിയം ഇംഗ്ളീഷ് മീഡിയം സ്‌കൂളിനെ സംരക്ഷിക്കാൻ അധികൃതരുടെ നീക്കം. സ്‌കൂളിൽ ഗൗരി നേഹ എന്ന കുട്ടിയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനാണ് മാനേജ്‌മെന്റ് ശ്രമം. അതിന് ഒത്താശ ചെയ്യുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്..

ട്രിനിറ്റി ലൈസിയം സ്‌കൂളും ഗൗരിക്ക് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട ബെന്‍സിഗര്‍ ആശുപത്രിയും കൊല്ലം ലത്തീൻ രൂപതയുടെ ഉടമസ്ഥതയിലുളള സ്‌കൂളാണ്. സ്‌കൂളിന് എതിരെ വിദ്യാർത്ഥി സംഘടനകൾ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയും പ്രതിഷേധത്തിന് തയ്യാറായിട്ടില്ല. വിദ്യാർത്ഥിനി ചാടി മരിച്ചതിനു ശേഷവും വിദ്യാർത്ഥികളോട് അധ്യാപകർ മോശമായി പെരുമാറിയ സംഭവങ്ങളുണ്ടായി. ഗൗരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതിന്റെ അടുത്ത ദിവസം, തന്റെ മകനെ ഒരു അധ്യാപിക ചെകിട്ടത്തടിച്ചു എന്ന് ഒരു സ്ത്രീ പരാതി നൽകിയിരുന്നു. ഗൗരിയ്ക്കുണ്ടായ അനുഭവം ഒറ്റപ്പെട്ടതല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.പള്ളിക്കും പട്ടക്കാർക്കും മുന്പിൽ മുട്ടിടിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേ കേരളത്തിൽ ഉള്ളൂ എന്ന് ഈ സംഭവങ്ങൾ ഒന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.

കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു

ഗൗരിയുടെ മരണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചര്‍ച്ച തടഞ്ഞത്. വിദ്യാര്‍ത്ഥി സംഘടനകളെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ച് പ്രവര്‍ത്തകര്‍ യോഗം നടക്കുന്നിടത്തേക്ക് ഇടച്ചു കയറുകയായിരുന്നു.

ഗൗരിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്‌കൂള്‍ പൂട്ടിയത്. ഇതിനിടെ മാനേജ്‌മെന്റ് രക്ഷിതാക്കളുടെ യോഗം വിളിക്കുകയും സ്‌കൂള്‍ തുറക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചെത്തിയാല്‍ രക്ഷിതാക്കളെ മുന്‍നിര്‍ത്തി എതിര്‍ക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല.

ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ്

അതേസമയം, ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തി. മൂന്ന് മണിക്കൂറത്തെ ചികിത്സയ്ക്ക് 4,106 രൂപ ആശുപത്രി ഈടാക്കിയതായി പിതാവ് പ്രസന്നകുമാര്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ അക്കാര്യം വിശ്വസിക്കാന്‍ പ്രയാസമാണ്. വിദഗ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി മാനേജ്‌മെന്റിന്റേയും ഡോക്ടര്‍മാരുടേയും വാദം ശരിയാണെങ്കില്‍ വെറും 4,106 രൂപയ്ക്ക് എങ്ങനെ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞുവെന്നും പ്രസന്ന കുമാര്‍ ചോദിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരിക്ക് പരിക്കേറ്റത്. ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഗൗരിയെ പ്രവേശിപ്പിച്ചത്. അധ്യാപികമാരുടെ പീഡനത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗൗരി മരിച്ചു.
സ്‌കൂളിനെതിരെ പ്രതിഷേധിച്ചെത്തിയ വിദ്യാര്‍ത്ഥി സംഘടനകള്‍ കല്ലുകളും മറ്റും വലിച്ചറിഞ്ഞത് സ്ഥിതി വഷളാക്കി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അടച്ചത്.