ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്

സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല.ചരിത്ര ഉത്തരവിലൂടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കിയതാണ് ജാതി കോമരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

രാജ്യം മുഴുവന്‍ മാതൃകാപരമായ നടപടിയെന്ന് വാഴ്ത്തിയ നിയമനങ്ങള്‍ അട്ടിമറിക്കുന്നതിനായി സംഘടിതമായ നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന:പൂര്‍വ്വം ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദളിത് പൂജാരികള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങളെ സര്‍ക്കാറും ഗൗരവമായാണ് കാണുന്നത്.

പുതുതായി നിയമനം ലഭിച്ച ദളിത് പൂജാരി യദു കൃഷ്ണനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈ മാസം 30 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ തീരുമാനം.

യോഗക്ഷേമ സഭയുടെ പിന്തുണയോടെ ശാന്തി ക്ഷേമ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എസ് കൃഷ്ണന്‍ നമ്പൂതിരിയാണ് നിരാഹാര സമരം നടത്തുന്നത്.ക്ഷേത്രത്തിലെ പൂജാ കാര്യങ്ങളില്‍ മുടക്കു വരുത്തി എന്ന് ആരോപിച്ചാണ് സമരം.

എന്നാല്‍ താന്‍ ലീവ് എഴുതി കൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയ ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും പകരക്കാരനായ പൂജാരിയുടെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ നട തുറക്കാന്‍ അല്പം വൈകുക മാത്രമാണ് ഉണ്ടായതെന്നാണ് യദു പറയുന്നത്.

ഈ സംഭവം മുന്‍നിര്‍ത്തി ദളിത് പൂജാരികള്‍ക്കെതിരെ ശക്തമായ പ്രചരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.നാളിതുവരെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരുന്ന സ്ഥാനത്ത് അവര്‍ണ്ണനെ ഒരു കാരണവശാലും അംഗീകരിക്കില്ല എന്ന മാനസികാവസ്ഥയാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.ഒരു പൂജാരിക്ക് ചേരാത്ത പ്രവര്‍ത്തി നടത്തിയവരെ പോലും സംരക്ഷിക്കുന്ന വിഭാഗങ്ങള്‍ മനപ്പൂര്‍വ്വം ദളിത് പൂജാരിയെ വേട്ടയാടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ജോലിയില്‍ തന്നെ തുടരുമെന്നും ദളിത് പൂജാരി യദുകൃഷ്ണന്‍പറഞ്ഞു.

പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടങ്ങിയെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഒക്ടോബര്‍ 26 ാം തിയ്യതി പറവൂരില്‍ പോകേണ്ടതിനാല്‍ ലീവ് എടുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പൂജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ചുമണിയോടെ എന്നെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് മറ്റൊരാളെ പൂജയ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജ ചെയ്തശേഷമാണ് ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ നടതുറയ്ക്കാന്‍ അല്പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.’ യദു വിശദീകരിക്കുന്നു.

ഈ സംഭവത്തിനുശേഷവും താന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോകുകയും ജീവനക്കാര്‍ പതിവുരീതിയില്‍ തന്നെ തന്നോട് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ലെന്നും യദു വ്യക്തമാക്കി.

യദു പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കഴിഞ്ഞദിവസം യോഗക്ഷേമസഭയുടെ പിന്തുണയോടെ ശാന്തി യൂണിയന്‍ രംഗത്തുവന്നിരുന്നു. യദുവിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ശാന്തി യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യദു നിലപാട് വ്യക്തമാക്കിയത്.