കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടോടെ ഗ്രെഡ് ജഫ്രിയും വിധി ജോഷി എന്നിുവര്‍ ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയത്.

ഇതാ കാണൂ ഈ കൊച്ചു കേരളത്തെ.. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമിയെ, കേള്‍ക്കു അവരുടെ വിജയഗാഥകള്‍..നിങ്ങള്‍ക്കുകാണാം അവരുടെ സ്വപ്‌നങ്ങള്‍’ എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് എഴുതിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട്.

 

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും കേരളത്തിന്റെ പ്രവാസി സമൂഹം ആഗോള സാമ്പത്തിക രംഗത്ത്് നല്‍കുന്ന സംഭാവനകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കമ്മൂണിസ്റ്റ് സ്വാധീനം ഏറെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ആഗസ്റ്റില്‍ സഖാവ് പി കൃഷ്ണപിള്ളയുടെ അനുസ്മണവേളയിലാണ് ലേഖകര്‍ കേരളത്തിലെത്തിയത്. ധനമന്ത്രി തോമസ് ഐസക് പങ്കെടുത്ത സമ്മേളനത്തെക്കുറിച്ചും റിപ്പോര്‍ട്ട് വിവരിക്കുന്നു.

ബിജെപിയും ആര്‍എസ്എസും രാജ്യവ്യാപകമായി ഇടത് ഭീകരതയെന്ന് വിശേഷിപ്പിച്ച കേരളത്തെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു മാധ്യമം സ്വപ്‌നഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദും സംസ്ഥാനത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു.