ട്രംപിന്റെ ട്രാന്‍സ്‌ജെന്റര്‍ വിരുദ്ധതയ്ക്ക് ഫെഡറല്‍ കോടതിയുടെ തിരിച്ചടി

അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്ററുകളെ വിലക്കിക്കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി ജഡ്ജി താത്ക്കാലികമായി തടഞ്ഞു. ട്രാന്‍സ്ജെന്ററുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് കൈകടത്തുന്നു എന്നാരോപിച്ച് ട്രാന്‍സ്‌ജെന്റര്‍ സര്‍വ്വീസ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയുടെ ഉത്തരവ്. ട്രാന്‍സ്‌ജെന്ററുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്താണ് അമേരിക്കന്‍ സൈന്യത്തില്‍ ട്രാന്‍സ് ജെന്ററുകള്‍ക്ക് അവസരം നല്‍കിയത്. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതി ട്രംപ് അധികാരത്തിലേറിയപ്പോള്‍ പിന്‍വലിക്കുകയും ട്രാന്‍സിന് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ട്രാന്‍സ് ജെന്ററുകളുടെ ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി ചെലവഴിക്കുന്ന പണം സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നായിരുന്നു ട്രംപിന്റെ ആരോപണം.

പ്രസ്താവനകളിലും ട്വിറ്റര്‍ പോസ്റ്റുകളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ട്രംപിന്റെ ട്രാന്‍സ്ജെന്റര്‍ വിരുദ്ധത. കഴിഞ്ഞ ആഗസ്റ്റ് മാസം സൈന്യത്തില്‍ ട്രാന്‍സുകള്‍ക്ക് ജോലി നല്‍കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള ധാരണാപത്രത്തിലും ട്രംപ് ഒപ്പുവച്ചു. നിലവില്‍ സൈന്യത്തിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രവേശനം പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വൈകിപ്പിച്ചിരുന്നു.