നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ്

കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35) എന്നിവരാണു പിടിയിലായത്. നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചായിരുന്നു തട്ടിപ്പ്.

അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് നടത്തിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങളില്‍ പിരിവു നടത്തുന്നതിനിടെ തുക കുറഞ്ഞതിനു ദേഷ്യപ്പെടുന്നതു കണ്ട ഹോംഗാര്‍ഡ് കെ.ജി. കേശവന്‍നായര്‍ വനിതാ സെല്ലില്‍ വിവരം അറിയിച്ചു.

പരിശോധിച്ചപ്പോഴാണു തട്ടിപ്പ് കണ്ടെത്തിയത്. മുനിയമ്മയാണു ശൂലം കുത്തിയതായി അഭിനയിക്കുന്നത്, അമൃത പണം പിരിക്കും. ഇവര്‍ കഴിഞ്ഞ ദിവസം കുമളിയിലും പരിസരത്തും പണപ്പിരിവ് നടത്തിയിരുന്നു. തേനിയില്‍നിന്ന് രാവിലെ ബസിലെത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയിരുന്നത്.