സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോൾ സുറുമി പൊലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാൽ സുറുമി ഷെമീറിന് (20) താഴത്തങ്ങാടിയിൽ പണിയായത് സഹായിയായി ഒപ്പം കൂട്ടിയ ഓട്ടോഡ്രൈവർ.

തട്ടിപ്പിന്റെ ബാലപാഠം നാട്ടിൽ

മൂവാറ്റുപുഴ രാമമംഗലം സ്വദേശിയായ സുറുമിയുടെ തട്ടിപ്പിന് ചുരുങ്ങിയത് ഒരു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചെറുകിട നിക്ഷേപമായാണ് നാട്ടുകാരോട് സുറുമി ആദ്യം പണം വാങ്ങിത്തുടങ്ങിയത്. പറഞ്ഞിരുന്ന ഇടവേളകളിൽ ഈ പണം കൃത്യമായി തിരികെ ലഭിച്ചതോടെ ആളുകൾക്ക് വലിയ വിശ്വസമായി. പിന്നീട് പല തവണ ഇത്തരത്തിൽ പണം വാങ്ങി. ഒടുവിൽ അത് തിരികെ കൊടുക്കാതെ മുങ്ങിയതോടെ തട്ടിപ്പിന്റെ ആദ്യപാഠം പഠിച്ചു. ഇതിനിടെ പയങ്ങാട്ടൂർ സ്വദേശിയായ ഷെമീറിനെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും ചേർന്ന് തട്ടിപ്പിന്റെ ലോകം വിപുലമാക്കി.

മൂവാറ്റുപുഴ കലക്കി ലക്ഷങ്ങൾ വാരി

ഇരയെ ഒറ്റാലിട്ടു പിടിക്കുന്ന ചൂണ്ടക്കാരിയാകാൻ മാത്രമല്ല, പിടിവീഴുമെന്നുറപ്പായാൽ വരാലുപോലെ വഴുതിപ്പോകാനും സുറുമിക്ക് നല്ല മിടുക്കാണ്.ഭർത്താവുമൊത്ത് മൂവാറ്റുപുഴ പല്ലാരിമംഗലത്തേയ്ക്ക് താമസം മാറ്റിയതോടെയാണ് തട്ടിപ്പ് അതിന്റെ പാരമ്യതയിലെത്തിയത്. ഇക്കാലത്താണ് സുറുമിയുടെ ഭർത്താവ് ഷെമീർ വിദേശത്തേയ്ക്ക് പോയത്. ഇതോടെ ഭർത്താവ് ഷെമീറിന് വിദേശത്ത് സ്വർണപ്പണിയാണെന്നും സ്വർണ്ണത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം ലഭിക്കുമെന്നും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

സ്വർണ്ണത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒറ്റ വർഷം കൊണ്ട് ഇരട്ടിയാക്കി തിരികെ തരുമെന്നായിരുന്നു വാഗ്ദാനം. പ്രദേശവാസികളുടെ വീടുകളിലെത്തി വീട്ടമ്മമാരുടെ വിശ്വാസം നേടിയെടുത്താണ് സുറുമി തട്ടിപ്പിന് കളമൊരുക്കിയത്. മൂന്നു വർഷം മാത്രമാണ് ഇവിടെ സുറുമി താമസിച്ചിരുന്നത്. ഇതിനിടെ മുപ്പതിലേറെ പേരിൽ നിന്ന് വിവിധ നിക്ഷേപങ്ങളുടെ പേരിൽ ലക്ഷങ്ങളാണ് തട്ടിയത്. ആദ്യമെല്ലാം ഈ പണം പലർക്കും കൃത്യമായി തിരികെ നൽകുക കൂടി ചെയ്തതോടെ എല്ലാവർക്കും സുറുമിയെ വിശ്വാസമായി. പണവും സ്വർണ്ണവുമായി നിക്ഷേപം കുന്നുകൂടിയതോടെ ഒരു രാത്രികൊണ്ട് വീടും പൂട്ടി സുറുമി സ്ഥലം വിട്ടു.

പിറ്റേന്ന് സുറുമിയെ തേടി വീട്ടിലെത്തിയ നാട്ടുകാർ കണ്ടത് വീട് പൂട്ടിക്കിടക്കുന്നതാണ്. ഇതോടെ തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതിയുമായി എത്തി. പല്ലാരിമംഗലം സ്വദേശികളായ അഞ്ചു പേരിൽ നിന്ന് 60 പവൻ സ്വർണവും 20 ലക്ഷം രൂപയുമാണ് സുറുമി തട്ടിയെടുത്തത്. പൊലീസ് അന്വേഷണം മുറയ്ക്കു നടന്നെങ്കിലും സുറുമിയെ കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇതോടെ നാട്ടുകാർ സുറുമിയുടെ ചിത്രം സഹിതം തട്ടിപ്പുകാരിയെന്ന പേരിൽ വാട്സ്അപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ, നാടുവിട്ട സുറുമിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

മൂവാറ്റുപുഴയിൽ മുങ്ങിയ സുറുമി പൊങ്ങിയത് കാസർകോട്

മൂവാറ്റുപുഴയിലെ പണി പൂർത്തിയാക്കി മുങ്ങിയ സുറുമി പിന്നെ പൊങ്ങിയത് കാസർകോടായിരുന്നു. ഷെയർമാർക്കറ്റിൽ പണം നിക്ഷേപിക്കുന്ന ബ്രോക്കറായിട്ടായിരുന്നു ഇവിടെ സുറുമിയുടെ രംഗപ്രവേശം. ഷെയർമാർക്കറ്റിൽ പണം നിക്ഷേപിക്കാൻ അവസരം ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. പണം ഇരട്ടിപ്പിക്കുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഭർത്താക്കൻമാരെ പ്രലോഭിപ്പിച്ചു സുറുമിക്കു പണം നൽകിയവരിൽ ഏറെയും വീട്ടമ്മമാരായിരുന്നു.

ആദ്യം പതിനായിരവും ഇരുപതിനായിരവുമായിരുന്നു നിക്ഷേപമായി സ്വീകരിച്ചിരുന്നത്. ചെറിയ തുക നൽകിയവർക്ക് രണ്ടോ മൂന്നോ മാസം കൊണ്ട് ഇരട്ടി തുക തിരികെ നൽകുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സുറുമിയെ വിശ്വാസമായി. താമസിയാതെ വിദേശത്തായിരുന്ന ഭർത്താവ് ഷെമീറും സുറുമിക്കൊപ്പം രംഗത്തിറങ്ങി. ഇതോടെ തട്ടിപ്പ് ബിസിനസ് തഴച്ചു വളർന്നു. പതിനഞ്ചു പേരിൽ നിന്നായി പത്തു പവനും ഒന്നരക്കോടി രൂപയുമാണ് സുറുമിയും ഭർത്താവും ചേർന്ന് തട്ടിയെടുത്തത്. പലർക്കും ഒന്നും രണ്ടും ലക്ഷം രൂപയാണ് നഷ്‌ടമായത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സുറുമിക്കൊപ്പം ഭർത്താവ് ഷെമീറിനെയും പൊലീസ് പ്രതി ചേർത്തു.

പാവം ഓട്ടോ ഡ്രൈവർ; പണം നഷ്ടമായവർ ഓട്ടോഡ്രൈവറെ പൊക്കി

ജനുവരി ആദ്യവാരത്തിലാണ് സുറുമിയും ഷെമീറും താഴത്തങ്ങാടിയിലെ വാടക വീട്ടിൽ താമസമാക്കുന്നത്. ആഡംബര കാറിലും ഓട്ടോറിക്ഷകളിലും മാറിമാറിയായിരുന്നു ഇരുവരുടെയും സഞ്ചാരം. ഇതിനിടെ കോടിമത പച്ചക്കറിമാർക്കറ്റിലെ ഒരു കടയിൽ ഡ്രൈവറായി ഷെമീർ ജോലിക്ക് കയറുകയും ചെയ്തു. ഷെമീറിനും സുറുമിക്കും എല്ലാ സഹായവും ചെയ്;ത് ഒപ്പം കൂടിയത് താഴത്തങ്ങാടി സ്വദേശിയായ മറ്റൊരു ഓട്ടോഡ്രൈവറായിരുന്നു. തട്ടിപ്പിനായി തന്നെ ഇവർ ഉപയോഗിക്കുകയായിരുന്നുവെന്ന് പക്ഷേ, ഈ ഓട്ടോഡ്രൈവർക്ക് പിന്നീടാണ് മനസ്സിലായത്.

ഇവരുടെ തട്ടിപ്പിന്റെ ചൂണ്ടയിൽ ആളുകളെ കൊരുക്കാനുള്ള ഇര മാത്രമായിരുന്നു ആ പാവം ഓട്ടോ ഡ്രൈവർ. ഓട്ടോഡ്രൈവർ പരിചയപ്പെടുത്തിയവരെ തന്റെ വാക്ചാതുരിയിൽ മയക്കിയാണ് സുറുമി വലയിൽ കുടുക്കിയിരുന്നത്. ഇത്തരത്തിൽ താഴത്തങ്ങാടി പ്രദേശത്തുള്ള ഏഴു പേരിൽ നിന്നായി 35 പവനും 15 ലക്ഷം രൂപയുമാണ് സുറുമി തട്ടിയെടുത്തത്. മാസങ്ങളോളം തട്ടിപ്പ് നടത്തിയ ശേഷം താഴത്തങ്ങാടിയിൽ നിന്ന് ഒരു രാത്രിയിൽ സുറുമി മുങ്ങി. ഇതോടെ പണം നഷ്ടമായവർ ഓട്ടോഡ്രൈവറെ പൊക്കി.

ഇയാളെയും കൂട്ടി പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഓട്ടോഡ്രൈവറുടെ ഫോണിൽ സുറുമിയുടെ വിളിവന്നത്. അടുത്ത ദിവസം താൻ വാടക വീട്ടിലേയ്ക്ക് വരുന്നുണ്ടെന്നും തന്റെ ആധാർ കാർഡും രേഖകളും എടുക്കണമെന്നുമായിരുന്നു സുറുമി ഓട്ടോഡ്രൈവറെ അറിയിച്ചത്. ഇതോടെ തട്ടിപ്പിനു ഇരയായവർ സുറുമിയുടെ വരവും കാത്തിരിപ്പായി. പിറ്റേദിവസം സുറുമി വീട്ടിലെത്തിയതും നാട്ടുകാർ വളഞ്ഞുവച്ച് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി സഖറിയ മാത്യു, സി.ഐ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സുറുമിയെ അറസ്റ്റ് ചെയ്തു.

സുറുമി തട്ടിയെടുത്ത കോടികൾ എന്തിന് ചെലവഴിച്ചു

സുറുമി തട്ടിയെടുത്ത കോടികൾ എന്തിന് ചെലവഴിച്ചു എന്നറിയാനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പൊലീസ്. ഇതിനായി സുറുമിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സുറുമിയുടെ ഭർത്താവിന് ഹവാല ഇടപാടുകളുണ്ടെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തും. നാട്ടുകാരിൽ നിന്ന് സുറുമി തട്ടിയെടുത്ത സ്വർണാഭരണങ്ങൾ നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്വർണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സുറുമിയെ കസ്റ്റഡിയിൽ എടുത്ത ശേഷം തെളിവെടുപ്പ് നടത്തും. കാസർകോട് വിദ്യാനഗർ പൊലീസും മൂവാറ്റുപുഴ പൊലീസും സുറുമിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. കാസർകോട്ടെയും മൂവാറ്റുപുഴയിലെയും കേസുകളിലും അറസ്റ്റും തുടർനടപടികളും ഉടൻ ഉണ്ടാകും. കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷെമീർ പ്രതിയാണ്. താഴത്തങ്ങാടി തട്ടിപ്പിലും ഭർത്താവ് ഷെമീറിന് പങ്കുണ്ടെന്ന് സംശയമുണ്ട്. ഷെമീറിനെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.