ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.തോമസ് ചാണ്ടി വിവാദത്തില്‍ തിങ്കളാഴ്ച സി.പി.എം സെക്രട്ടേറിയറ്റ്.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദം ചര്‍ച്ച ചെയ്യാന്‍ സി.പി.എം തീരുമാനം. തിങ്കളാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് വരിക. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇനി കാലതാമസം പാടില്ല. ഇത് പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാകും. അതിനാല്‍ ഇനി വൈകാതെ നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടിയില്‍ തീരുമാനം.

കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമേപാദേശത്തിന് അയച്ചിരിക്കുകയാണ്. നിയമോപദേശം കൂടി ലഭിക്കുന്ന സാഹചര്യത്തിലായിരിക്കും സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്നത്.അടുത്ത മാസം ഒമ്പതിന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചിരിക്കുന്നത്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വയ്ക്കുന്നതിനാണ് ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്.

അതിനിടെ, തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് മറുപടി പറയാതെ തോമസ് ചാണ്ടി മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളില്‍ ഇനിയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും വ്യക്തമാണ്. ജനജാഗ്രതാ യാത്രയ്ക്കിടെ നടത്തിയ വെല്ലുവിളികളാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. എന്നാല്‍ തോമസ് ചാണ്ടി വിവാദം മന്ത്രിസഭാ യോഗത്തില്‍ പരിഗണിച്ചതുമില്ല. മുഖ്യമന്ത്രി വിഷയം ഉന്നയിക്കാത്തതിനാല്‍ മറ്റു മന്ത്രിമാര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കാനും തയ്യാറായില്ല.

അതേസമയം, മാര്‍ത്താണ്ഡം കായലില്‍ ഇനിയും നികത്തുമെന്ന് തോമസ് ചാണ്ടി ഇന്നലെ നടത്തിയ വെല്ലുവിളിയില്‍ സി.പി.എമ്മിന് അതൃപ്തിയുണ്ട്. 42 ബ്ലോക്കുകൂടി ഉണ്ട്. അവയും നികത്തുമെന്നാണ് തോമസ് ചാണ്ടി ഇന്നലെ പറഞ്ഞത്. ഇതില്‍ ആലപ്പുഴയിലെ സി.പി.എം മന്ത്രിമാര്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്.

 

ഭൂമി കയ്യേറ്റ് വിഷയത്തില്‍ സി.പി.ഐയും അഡ്വക്കേറ്റ് ജനറലും തമ്മലുണ്ടായ അഭിപ്രായ ഭിന്നതയിലും സി.പി.എമ്മിന് എതിര്‍പ്പുണ്ട്. സി.പി.ഐ സ്വീകരിക്കുന്ന നിലപാടിനോടാണ് സി.പി.എം വിയോജിക്കുന്നത്.