ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

ഞങ്ങടെ കുട്ടികളെ സ്കൂളിൽ കടത്തിയില്ലെങ്കിൽ നിങ്ങടെ പാടത്ത് ഞങ്ങൾ പണിക്കിറങ്ങില്ല!” എന്ന അയ്യങ്കാളിയുടെ താക്കീതുപോലെ ദളിതരെ ശ്രീകോവിലിനകത്തേക്ക് കടത്തിയില്ലെങ്കിൽ ആ അമ്പലത്തിലേക്ക് കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായിയെന്ന് ദീപ നിശാന്ത്

ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു നമ്മൾ തീരുമാനിക്കേണ്ട ഘട്ടമായി – തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയമനത്തിലൂടെ ആദ്യത്തെ പൂജാരിയായ യദു കുഷ്ണൻ സവർണ്ണരാൽ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിൽ ദീപ നിശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ കുറിച്ചത്.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാടിനെ കണ്ടാൽ അരികിലേക്ക് മാടി വിളിച്ചു നമസ്കരിക്കുകയും മനുഷ്യനെ കണ്ടാൽ ഓടിക്കുകയും ചെയ്തിരുന്ന ഒരു കെട്ടകാലം കേരളത്തിൻ്റെ ഇന്നലെകളിലുണ്ടായിരുന്നു( മനുഷ്യനേക്കാൾ മാടിന് പ്രാധാന്യം നൽകുന്ന ആളുകളുടെ തലമുറ കുറ്റിയറ്റു പോയിട്ടൊന്നുമില്ല! ഇപ്പോഴുമുണ്ട്!] മനുഷ്യനെ തൊട്ടാലാണ് അയിത്തം.. ആ അയിത്തം മാറാൻ ഓടിച്ചെന്ന് ഒരു പശുവിനെ തൊട്ടാൽ മതിയെന്ന നിയമസംഹിതകൾ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പണ്ഡിറ്റ് കറുപ്പൻ ‘ജാതിക്കുമ്മി’യെഴുതിയത്.
“നാൽക്കാലികളേക്കാളും താഴെയാണോ
ഇക്കാണും മാനുഷസോദരന്മാർ?
ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു
നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ? ”
എന്ന ചോദ്യം കറുപ്പൻ ചോദിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്.. ആ ചോദ്യത്തിനിപ്പോഴും പ്രസക്തിയുണ്ടെന്നാണ് കേരളത്തിലെ സമകാലിക സംഭവങ്ങൾ തെളിയിക്കുന്നത്. ജാതിവിവേചനം പഴയതിലും ശക്തമായി തുടരുന്നു എന്നതിൻ്റെ പ്രത്യക്ഷോദാഹരണമാണ് യദുകൃഷ്ണനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ.
“എൻ്റെയാണെൻ്റെയാണിക്കൊമ്പനാനകൾ
എൻ്റെയാണീമഹാക്ഷേത്രവും മക്കളേ..!”
എന്നു സ്വയം ധരിച്ച് വശായി ഉപ്പുപ്പായുടെ കൊമ്പനാനക്കാലത്തിൽ ഊറ്റം കൊള്ളുന്നത് വളർച്ച മുരടിച്ചതിൻ്റെ ലക്ഷണമാണ്.ജന്മ മഹത്വം മിഥ്യയാണെന്നതാണ് നവോത്ഥാന കാഴ്ചപ്പാട്. ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് കരുതിയതിനെയൊക്കെയും മാറ്റിമറിച്ചു കൊണ്ടു തന്നെയാണ് കേരളീയ നവോത്ഥാനം കടന്നു പോന്നിട്ടുള്ളത്. വൈദികജ്ഞാനമണ്ഡലവുമായും ജീവിതവുമായുമുള്ള ബന്ധമാണ് യോഗ്യതയുടെ മാനദണ്ഡമെന്നു കരുതുന്ന കാലഘട്ടം കഴിഞ്ഞു എന്ന് അംഗീകരിച്ചേ മതിയാകൂ.
“ഞങ്ങടെ കുട്ടികളെ സ്കൂളിൽ കടത്തിയില്ലെങ്കിൽ നിങ്ങടെ പാടത്ത് ഞങ്ങൾ പണിക്കിറങ്ങില്ല!” എന്ന അയ്യങ്കാളിയുടെ താക്കീതുപോലെ ദളിതരെ ശ്രീകോവിലിനകത്തേക്ക് കടത്തിയില്ലെങ്കിൽ ആ അമ്പലത്തിലേക്ക് കടക്കില്ല എന്ന തീരുമാനം കേരളീയപൊതുസമൂഹമെടുത്താൽ മതി.പ്രശ്നം തീരും…