എന്തോന്ന് കേരളപ്പിറവി? കേരളം വീണ്ടും ഭ്രാന്താലയമോ? മലയാളി മാറുന്നത് എങ്ങോട്ട്?

ഡോ. ഹരികുമാർ വിജയ ലക്ഷ്മി

വീണ്ടും ഒരു കേരളപ്പിറവിയുടെ ആഘോഷ തിമിർപ്പിലാണ് നാം. മലയാളിയെ പറ്റി പല അപദാനങ്ങളും ഇന്ന് പലവേദികളിലും മുഴങ്ങും. മലയാളി പുരോഗമനവാദിയാണ്, വിപ്ലവകാരിയാണ്, ആനയാണ് ചേനയാണ് എന്നെല്ലാം.19 ആം നൂറ്റാണ്ടിൻറെ അവസാനത്തിൽ രൂപപ്പെടുത്തിയ മലയാളിയുടെ ധാരണയാണ് ഇത്. അതിനു മുൻപുള്ള സാഹിത്യ കൃതികളോ ചരിത്ര കൃതികളോ ഒന്നും വായിച്ചാൽ മലയാളി പുരോഗമന വാദിയോ വിപ്ലവകാരിയോ ആണെന്ന യാതൊരു സൂചനയും നമുക്ക് കാണാൻ കഴിയില്ല. അന്ന് പൊന്നുതമ്പുരാൻ മുതൽ പാടത്ത് പണിയെടുക്കുന്ന അടിയാളർ വരെ ഏതെങ്കിലും തരത്തിലുള്ള അടിമത്ത്വം അനുഭവിക്കുകയായിരുന്നു. അത് ആസ്വദിക്കുകയും.

രാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന് ദൂരെയുള്ള ഏതെങ്കിലും ചക്രവർത്തിക്ക് കപ്പം കൊടുക്കണമായിരുന്നു. ബ്രാഹ്മണൻ അവർണരെ മാത്രം അല്ല വീട്ടിലെ പെണ്ണുങ്ങളെയും സ്വന്തം അനുജന്മാരെയും അടിമകൾ ആക്കി. മൂത്തയാൾ മാത്രം വേളി കഴിച്ചു. ബാക്കി അഫൻമാർ നായർ സ്ത്രീകളെ സംബന്ധം കൂടി, അവർക്കുണ്ടാകുന്ന കുട്ടികൾക്ക് സ്വത്തോ മറ്റ് അവകാശങ്ങളോ നൽകാതെ അനുജന്മാരെയും ചൂഷണം ചെയ്തു. സവർണ്ണനും അവർണ്ണനും ഈ അടിമത്വം ഒരുപോലെ ആസ്വദിക്കുകയായിരുന്നു.

19 ആം നൂറ്റാണ്ടിൻറെ അവസാനം ആയപ്പോൾ മലയാളി മാറാൻ തുടങ്ങി.ആ മാറ്റത്തിന് ആക്കം കൂടിയപ്പോഴാണ് അവൻ പുരോഗമന വാദിയും വിപ്ലവകാരിയും ഒക്കെയായത്.നാരായണ ഗുരു അതിന് ഒരു ലക്‌ഷ്യം ഉണ്ടാക്കി”ജാതി ഭേദം മതദ്വെഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം”എന്ന ലക്‌ഷ്യം.അയ്യങ്കാളിക്കും മന്നത്തു പദ്മനാഭനും പൊയ്കയിൽ യോഹന്നാനും കെ പി കറുപ്പനും കെ .പി വള്ളോനും എല്ലാം അത് സ്വീകാര്യമായി.അങ്ങനെ മലയാളി മാറാൻ തുടങ്ങി.പക്ഷെ 20 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള മാറ്റത്തിന്റെ ചരിത്രം ആണിത്.2 ആം പകുതിയിലെ കഥ ഇതല്ല.

നാരായണ ഗുരുവിന്റെ ജാതിയും മതവും ഇല്ലാ വിളംബരത്തിന്റെയും, അയ്യൻകാളിയുടെ വില്ലുവണ്ടി സമരത്തിന്റെയും സഹോദരൻ അയ്യപ്പൻറെ ചെറായിയിലെ മിശ്ര ഭോജനത്തിന്റെയും എല്ലാം ശതാബ്ദിയിൽ നിൽക്കുമ്പോൾ അതിന്റെയെല്ലാം ആഘോഷാരവങ്ങൾ അടങ്ങുമ്പോൾ ചിന്തിച്ചാൽ മനസിലാകും, മലയാളി നാരായണഗുരുവു അയ്യങ്കാളിയും നേതൃത്വം കൊടുത്ത കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ മേൽ കാർക്കിച്ചു തുപ്പിക്കൊണ്ടിരിക്കുകയാണെന്നും. അതിന്റെ നേരവകാശികൾ എന്നറിയപ്പെടുന്നവരെല്ലാം ഇതെല്ലം കണ്ട് അങ്ങനെ ഇളിച്ചുകൊണ്ടിരിക്കുകയാണെന്നും.ഇന്നിത് ജാതിഭേദവും മതദ്വെഷവും ഏതുമില്ലാത്ത നാടെന്ന് പറയാൻ കഴിയുമോ?

മനുഷ്യൻറെ ചിന്ത ധാരയിൽ നിന്ന് മാത്രമല്ല  അമ്പലങ്ങളുടെ മതിൽക്കെട്ടിൽനിന്നുപോലും അയിത്തത്തെ ആട്ടിപ്പായിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് യദുകൃഷ്ണൻറെ ശാന്തി നിയമനം നമുക്ക് വ്യക്തമാക്കി തന്നിരിക്കുന്നു.  നമ്മൾ ആഘോഷപ്രി യ്യന്മാരായി മാത്രം മാറിക്കഴിഞ്ഞിരിക്കുന്നു.കേരളപ്പിറവി ആഘോഷം.ശ്രീനാരായണ ജയന്തി ആഘോഷം. പാർട്ടികളുടെ സംസ്ഥാന സമ്മേളന ആഘോഷങ്ങൾ…അങ്ങന.ആത്മാഭിമാനമുള്ള ഒരു ജനതയെ എങ്ങനെ തിന്നുന്നുന്നവരും തീറ്റുന്നവരുമാക്കി മാറ്റാമെന്ന് നവഫ്യൂഡലിസം മനസ്സിലാക്കിയിരിക്കുന്നു.

ചെറായിയിലെ മിശ്ര ഭോജനത്തെ തുടർന്ന് സഹോദരൻ അയ്യപ്പനെ ഈഴവ സമുദായത്തിൽ നിന്ന് പുറത്താക്കിയപ്പോൾ ഗുരു ഇറക്കിയ അദ്ദേഹത്തിൻറെ കയ്യൊപ്പോടു കൂടിയ ഒരു സന്ദേശം കണ്ടിട്ടില്ലാത്ത മലയാളികൾ ചുരുങ്ങും”മനുഷ്യൻറെ വേഷം ഭാഷ ജാതി മതം എന്നിവ എങ്ങിനെ ആയിരുന്നാലും അന്യോന്യം പന്തിഭോജനവും പരസ്പരം വിവാഹവും കഴിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല.”എന്നായിരുന്നു അത്.

ഇന്ന് ആഘോഷ മാമാങ്കങ്ങൾ ഓരോന്നായി പൊടി പൊടിക്കുമ്പോൾ നാം പഴയതുപോലെ അടിമത്വം ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു എന്ന് മനസിലാക്കാം.അയ്യങ്കാളിയും കുമാരനാശാനും പൊയ്കയിൽ യോഹന്നാനും എല്ലാം പഴയ നിയമ സഭാ സാമാജികർ കൂടി ആയിരുന്നല്ലോ? അവരെല്ലാം ശ്രീമൂലം പ്രജാ സഭയ്ക്കകത്തും പുറത്തും സമരം ചെയ്ത് പടിയടച്ചു പിണ്ഡം വച്ചതിനെയെല്ലാം ഇപ്പോൾ പുനരുത്ഥാന വാദികൾ പുനരധിവസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം നമ്മുടെ പ്രതിനിധികൾ ഈ ആഘോഷ മാമാങ്കങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം  “ഹിന്ദുവിൽ ഏതുമാകാം എസ് സി / എസ് ടി ഒഴികെ”എന്ന സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായ മാതൃ ഭൂമി പത്രത്തിൽ വന്ന ഒരു വിവാഹ പ്രരസ്യം സഭയിൽ ഉന്നയിക്കപ്പെട്ടിട്ട് സഭക്കകത്തോ പുറത്തോ ഏതെങ്കിലും ഒരു പട്ടിക ജാതി /പട്ടിക വർഗ്ഗ എം എൽ എ പ്രതിയ്ക്കരിച്ചോ?പ്രതികരിച്ചില്ല എന്നുമാത്രമല്ല 14 പട്ടികജാതി/പട്ടിക വർഗ്ഗ എം എൽ എ മാർ ഉണ്ടായിരുന്നിട്ടും ഒരാളും ഈ വിഷയം സഭയിൽ ഉന്നയിക്കാനുണ്ടായില്ല എന്നതും വിചിത്രമാണ്

വൈക്കത്തെ പഴയ തീണ്ടൽ പലകകൾ നീക്കം ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചു കുമാരനാശാൻ കൊണ്ടുവന്ന പ്രമേയത്തിന്മേൽ അയ്യങ്കാളിയും കുമാരനാശാനും സഭയിൽ എത്ര ദിവസങ്ങൾ പ്രശ്നം ഉണ്ടക്കിയിട്ടുണ്ടെന്നു.അവസാനം അന്വേഷണ കംമീഷനെ വെച്ചതും പഴയ സഭാ നടപടികളുടെ ചരിത്രം പരിശോദിച്ചാൽ ഈ കൂശ്മാണ്ഡന്മാർക്കു മനസിലാകും.കേരള കൗമുദിയുടെ ലൈബ്രറിയിൽ ചെന്നാൽ പഴയ ശ്രീമൂലം പ്രജാസഭാ നടപടികൾ റിപ്പോർട്ട് ചെയ്ത 100 വർഷം മുൻപുള്ള അവരുടെ കോപ്പികൾ കാണാം.

നേരത്തെ സൂചിപ്പിച്ച വിവാഹ പരസ്യം ഉയർത്തിക്കാട്ടി കേരളത്തിൽ മതേതരത്വം ഇല്ലെന്നൊക്കെ പ്രചരിപ്പിച്ചവർക്ക് തെറ്റുപറ്റിയതാ ഈ കാര്യത്തിൽ മതേതരത്വം ഉണ്ട് .ഹിന്ദുക്കൾ മാത്രമല്ല എല്ലാ ജന്തുക്കളും ഇക്കാര്യത്തിൽ ഒരുപോലെയാണ്.അത് ഞായറാഴ്ചത്തെ മനോരമ പത്രം വാങ്ങി വായിച്ചാൽ മനസിലാകും.”ചേരമർ ക്രിസ്ത്യൻ ഒഴികെ ക്രിസ്ത്യൻ ഏതുമാകാം”എന്ന പരസ്യവും ധാരാളമായി കാണാം.ഓ ഇ സി ക്കാരനായ വിശ്വ കർമ്മജൻ മുതൽ ബ്രാഹ്മണൻ വരെയും,ലാറ്റിൻ മുതൽ റോമനും മാർത്തോമാ മാറി പെന്തക്കോസ്ത് ആയവനും വരെ ഇക്കാര്യത്തിൽ മതേതരത്വം പാലിക്കുന്നത് കാണാം.

ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരനായ കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണൻറെ അപേക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചത് ”മലയാള ബ്രാഹ്മണനല്ലാത്തതിനാൽ നിരസിക്കുന്നു”എന്ന കാരണം കാണിച്ചാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു കല്ലിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ലോകത്താദ്യമായി തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും മറ്റൊരുരൂപമായ തീണ്ടാരിലഹള നടക്കുന്നതും ശബരിമലയിൽ ചെല്ലുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് സ്ത്രീകളുടെ വാളിലെല്ലാം ലിംഗംപോസ്റ്റ് ചെയ്ത് സായൂജ്യമടയുന്ന ബലാത്സംഗി സേവക് സംഘത്തിൻറെ പ്രവർത്തനങ്ങളും അരങ്ങേറുന്നത് നമ്മൾ പ്രബുദ്ധ കേരളമെന്ന് വെറുതെ തള്ളുന്ന ഈ പുനരുദ്ധാന കേരളത്തിലാണ്.

മലയാളികളുടെ മനസ്സിൽനിന്ന്  ജാതിയും അയിത്ത മനോഭാവവും ഇനിയും മാറിയിട്ടില്ല എന്ന ഓർമപ്പെടുത്തലുമായാണ് ഈ കേരളപ്പിറവി ദിനം എത്തുന്നത്. കോളജ് പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായിട്ടും ബിനീഷ് ബാസ്റ്റിൻ എന്ന നടൻ വേദിയിൽ അപമാനിക്കപ്പെട്ട സംഭവം വിരൽ ചൂണ്ടുന്നത് മറ്റൊന്നുമല്ല.

തൊട്ടുകൂടായ്‌മയും തീണ്ടി കൂടായ്മയും നിയമം മൂലം നിരോധിക്കപ്പെട്ട ഒരു രാജ്യത്താണ് ഈ വിവരക്കേടുകൾ അരങ്ങേറുന്നത് എന്ന് ഓർക്കണം.തൊട്ടുകൂടായ്മ എന്നത് കൈ കൊണ്ട് തൊടൽ മാത്രം അല്ല എന്നും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ തൊട്ടുകൂടായ്മാ ആചരിക്കാം എന്നും അതെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നുഎന്ന് പ്രഖ്യാപിക്കുന്ന ലോകത്തെ ഏക ഭരണ ഘടനയുള്ള രാജ്യത്ത് 14 നിയമ സഭാ സാമാജികരായ പട്ടികജാതി പട്ടിക വർഗ്ഗക്കാരെയാണ് ഈ ബ്രാഹ്മണിസ്റ്റ് സന്തതികൾ പട്ടികളാക്കി അവഹേളിയ്ക്കുന്നതും നമ്മളിങ്ങനെ ആഘോഷം നടത്തി ആസ്വദിച്ചുകൊണ്ടിരിക്കുന്നതും.

പുലയത്തി പെണ്ണുങ്ങളെയെല്ലാം ബലാൽസംഗം ചെയ്ത് കൊല്ലണം എന്ന് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട പ്രബുദ്ധ വിപ്ലവ കേരളമാണിത്. ഏതെങ്കിലും ഒരു സുനിലിന്റെ മാത്രം പ്രശ്‌നമല്ല ഇത്. മുഖ്യമന്ത്രിയെ വരെ ജാതിപറഞ്ഞധിക്ഷേപിക്കുന്ന കേരളത്തിൽ കേരളപ്പിറവി ആഘോഷ മാമാങ്കങ്ങൾ അവസാനിക്കുമ്പോൾ “മാറ്റുവിൻ ചട്ടങ്ങളെ…”എന്ന് ഗർജ്ജിച്ച പാരമ്പര്യത്തിൻറെ പിന്മുറക്കാരെങ്കിലും ചിന്തിക്കുക മലയാളി എങ്ങോട്ടാണ് മാറുന്നത് എന്ന്?

എന്തായാലും കൊല്ലാന്‍ തീരുമാനിച്ച സ്ഥിതിക്ക് അറ്റ്‌ലീസ്റ്റ് ഒരാറ്റംബോംബെങ്കിലും… ആയിട്ട് വരണം അല്ലാതെ ഒന്നമര്‍ത്തിപ്പിടിച്ചാല്‍ സ്വന്തം ജീവന്‍തന്നെ അപകടത്തിലാവുന്ന ഒരവയവം കൊണ്ടാണോ നീ കൊല്ലാന്‍ വരുന്നത്? എന്ന് സതി അങ്കമാലി ചോദിച്ചത് പോലെ ഇങ്ങനത്തെ ജാതി അവഹേളനങ്ങൾ തുടരുന്നവനെയും നിയമ പരമായി നേരിടാനും.നീതി ലഭിച്ചതില്ലെങ്കിൽ അങ്ങനെ അമർത്തിപ്പിടിക്കാനും വരി ഉടക്കാനും വരും തലമുറ തയ്യാറാവേണ്ടിയിരിക്കുന്നു.

ജിഷയുടെ കൊലപാതക കേസ് പറഞ്ഞു കൊണ്ടാണ് ഇടതുപക്ഷ ഗവൺമെന്റ്’ അധികാരത്തിൽ വന്നത്, എന്നാൽ അതിനു ശേഷം എത്രയോ ദലിത് ആദിവാസി പീഡനമരണങ്ങൾ ‘ദിവസേനയെന്നോണം കേരളത്തിൽ നടന്നു.നടന്നു കൊണ്ടിരിക്കുന്നു? എന്നാൽ ദലിത് കൊലപാതകങ്ങൾക്ക് നേരെ എത്രമാത്രം അനാസ്ഥയോടെയാണ് ഭരണകൂടവും, ഭരണസംവിധാനങ്ങളും’ പെരുമാറുന്നത്. വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങളെ നാല് പേർ ചേർന്നു കൊന്നു. കേരളത്തിൽ മാളിക പണിത്, ചുറ്റ മതിൽ കെട്ടി, പാരമ്പര്യ സ്വത്ത് കൈയ്യിൽ വച്ച് സുഖിച്ച് ജീവിക്കുന്ന ഒരുത്തന്റേയും വീട്ടിൽ കയറി, മകളെയോ, പെങ്ങളേയോ പീഡിപ്പിച്ച് കൊന്നട്ടില്ല.ഇതെല്ലാം സംഭവിച്ചിട്ടുള്ളത്, മഴ പെയ്താൽ നിവർന്ന് കിടന്ന് ഉറങ്ങാൻ കഴിയാത്ത, മേൽകൂരയില്ലാത്ത, ചുവരില്ലാത്ത, വാതിൽ ഇല്ലാത്ത, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ പോലും സൗകര്യമില്ലാത്ത, അന്നത്തെ അന്നത്തിന് പണിക്കിറങ്ങേണ്ടി വരുന്ന, എതിർക്കാൻ ഭയമുള്ള.മൂന്നക്ഷരത്തിൽ “ദലിത് ” എന്ന് അറിയപ്പെടേണ്ട അവസ്ഥയിലാക്കിയ, തൊലി കറുത്തു പോയ കുറച്ചു മനുഷ്യ ജന്മങ്ങൾ മാത്രമാണ്.

1 Comment on "എന്തോന്ന് കേരളപ്പിറവി? കേരളം വീണ്ടും ഭ്രാന്താലയമോ? മലയാളി മാറുന്നത് എങ്ങോട്ട്?"

  1. WELL SAID….. CORRECT AND EXACT OBSERVATIONS

Comments are closed.