രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ രംഗത്ത്.ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ തന്റെനിലപാട് വ്യക്തമാക്കിയത്.ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ തുറന്നുപറച്ചില്‍.

ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു തോല്‍പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും, മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും, ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുമെന്നും ബിജെപി നേതാവ് എച്ച്. രാജയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ഹാസന്‍ എഴുതി.

വലതുപക്ഷ ക്യാമ്പുകളില്‍ തന്നെ തീവ്രവാദം പടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് തീവ്രവാദ സംഘടനകളെ എതിര്‍ക്കാന്‍ കഴിയില്ല. വലതുപക്ഷ പാര്‍ട്ടികളില്‍ എല്ലാംതന്നെ ഭീകരവാദം പടര്‍ന്നിരിക്കുന്നു. മുന്‍ കാലങ്ങളില്‍ ഹിന്ദുത്വത്തിന്റെ പേരില്‍ അക്രമങ്ങള്‍ നടന്നിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ വലതുപക്ഷപാര്‍ട്ടികള്‍ അക്രമങ്ങള്‍ക്കുവേണ്ടിയുള്ള ഉപാധിയായി ഹിന്ദുത്വത്തെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിയില്‍ മുങ്ങിയ എഐഎഡിഎംകെ സഖ്യത്തോടും, കാവി എന്റെ നിറമല്ല എന്നു പറഞ്ഞുകൊണ്ട് ബിജെപിയോടും ഉള്ള അതൃപ്തിയും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, കെജ്രിവാളിന്റെ രാഷ്ട്രീയ നയങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുന്നതാണെന്നും കമല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കമല്‍ ഹാസന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം അറിയിച്ചിരിക്കുന്ന വേളയില്‍ രാഷ്ട്രീയ നയങ്ങള്‍ വ്യക്തമാക്കുന്നതാണ് പുതുതായി വന്ന പ്രസ്താവനകള്‍.