ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ദളിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ പ്രചരണ യാത്രയില്‍ മേവാനി പങ്കെടുത്തു. ഗുജറാത്തില്‍ ദലിതരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നുമെന്ന് രാഹുല്‍ ഗാന്ധി മേവാനിക്ക് ഉറപ്പു നല്‍കി. ഗുജറാത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി തള്ളിയെന്നും മേവാനി വ്യക്തമാക്കി.

കോണ്‍കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും ചേരില്ലെന്ന് കഴിഞ്ഞ ദിവസം ജിഗ്‌നേഷ് മേവാനി പറഞ്ഞിരുന്നു. എന്നാല്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ അത് ദലിത് വിഭാഗത്തിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടറിയാന്‍ മാത്രമാവുമെന്നും അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ലെന്നുമാണ് അന്ന് ജിഗ്നേഷ് പറഞ്ഞിരുന്നത്.

അതേസമയം, പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേലുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ബിജെപിയെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസ് നടത്തുന്നത്. അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ ബിജെപി കോണ്‍ഗ്രസിനെ അപേക്ഷിച്ച് പിന്നിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടുപിടിച്ച് മഹാസഖ്യം രൂപീകരിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തുടങ്ങിയിരുന്നു. ജെഡിയു വിമത നേതാവ് ഛോട്ടു വാസവ, പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങിയവരുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ നേതാക്കള്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.