ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഹഷ്മത് എന്ന പേരിലും കവിതകള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിക്കാന്‍ തയാറായെങ്കിലും അവര്‍ വിസമ്മതിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബിലെ ഗുജ്‌റാത്തില്‍ ജനിച്ച സോബ്തി, ഡല്‍ഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറില്‍ ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടര്‍ന്നു തിരികെ ഇന്ത്യയിലെത്തി.

ഹിന്ദി സാഹിത്യത്തിലെ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ സോബ്തിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍,ടിന്‍ പഹദ്,ക്ലൗഡ് സര്‍ക്കിള്‍സ്സണ്‍ ഫ്ളവര്‍സ് ഓഫ് ഡാര്‍ക്ക്നെസ്സ്, ലൈഫ്, എ ഗേള്‍, ദില്‍ഷാനിഷ്,ഹം ഹഷ്മത് ബാഗ്, ടൈം സര്‍ഗം തുടങ്ങിയവയാണ് കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികള്‍. ഇന്തോ ആര്യന്‍ ഭാഷയായ ഡോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥാണ് ഭര്‍ത്താവ്.