ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളില്‍ ഭീതി പരത്തിയ മൊബൈല്‍ സേവന ദാതാക്കളെയും ബാങ്കുകളേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

അതേസമയം ഉപയോക്താക്കളില്‍ ഭീതി പരത്തുന്ന സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തനിക്ക് തന്നെ അത്തരം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജസ്റ്റിസ് എ.കെ സിക്രിയുടെ മറുപടി. ബാങ്ക് അക്കൗണ്ടുമായും ഫോണ്‍ നമ്പറുമായും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ അവ ഡീആക്ടിവേറ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സിക്രി വെളിപ്പെടുത്തി. ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഇത്തരം സന്ദേശങ്ങള്‍ അയക്കരുതെന്ന് പരമോന്നത കോടതി കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഉപയോക്താക്കളെ അറിയിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന് പിന്നാലെ മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 6 ആയിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.