കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം; ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു

ഹൃദ്രോ‍ഗിയായ തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യ‌ാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജയിൽ ഡിജിപി ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജയിൽ സൂപ്രണ്ട് ഈ മാസം 22നു കണ്ണൂരിലെ കമ്മിഷൻ സിറ്റിങ്ങിൽ ഹാജരായി വിശദീകരണം നൽകണമെന്നും കമ്മിഷൻ ആക്ടിങ് ചെയർമാൻ പി.മോഹനദാസ് പറഞ്ഞു.

തടവിൽ കഴിഞ്ഞ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി ഷറഫുദ്ദീനാണ് ഈ മാസം രണ്ടിന് ഉച്ചയോടെ ജയിലിൽ കുഴഞ്ഞു വീണു മരിച്ചത്. കുഴഞ്ഞു വീണ ഉടൻ ചികിത്സ നൽകാൻ ജയിലധികൃതർ തയാറായില്ലെന്നും, സഹ‌തടവുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്നാണു മുക്കാൽ മണിക്കൂറിനു ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയതെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.

എന്നാൽ ആശുപതിയിൽ എത്തുന്നതിന് മുമ്പ് തന്നെ തടവുകാരൻ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു വരാൻ ഡോക്ടർമാർ നിർദേശിക്കുന്ന ദിവസങ്ങളിൽ ജയിൽ അധികൃതർ ആംബുലൻസില്ലെന്നും, കൂടെപ്പോകാൻ‌ പൊലീസുകാരില്ലെന്നും പറഞ്ഞ് ഒഴിയുകയായിരുന്നു.

ബന്ധുക്കളെത്തുന്നതിനു മുൻപു തന്നെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതായും പരാതിയിൽ പറയുന്നു. പരാതിയിൽ പറയുന്നത് സത്യമാണെങ്കിൽ, കടുത്ത മനുഷ്യാവകാശ ലംഘനമാണു ജയിൽ അധികൃതർ നടത്തിപ്പോയതെന്നും കമ്മിഷൻ നിരീക്ഷിച്ചു.