മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; തമിഴ് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി ബാലയെ അറസ്റ്റുചെയ്തു. തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും കളക്ടറെയും വിമര്‍ശിച്ച് കൊണ്ടാണ് ബാലയുടെ കാര്‍ട്ടൂണ്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ജി. ബാലകൃഷ്ണയെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 24നാണ് ബാല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ 12,000ത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്. വലിയ സാമൂഹിക പ്രാധാന്യമുള്ള കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ബാലയ്ക്ക് ഫെയ്സ്ബുക്ക് പേജില്‍ 65000ത്തിലധികം ഫോളോവര്‍മാരുണ്ട്. തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി പളനിസാമിയും കളക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്. കുട്ടിയുടെ ജീവന് വില നല്‍കാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

ജില്ലാ കളക്ടറാണ് ബാല വരച്ച കാര്‍ട്ടൂണ്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്നായിരുന്നു അറസ്റ്റ്..അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്. അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്.