ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

വെടിവെച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. വിമര്‍ശനങ്ങളെ പ്രവര്‍ത്തനംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ നിലപാടുകള്‍ക്കുള്ള ബഹുമതിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

നടന്‍ കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്. മഹാത്മജിക്കും ഗോവിന്ദ് പന്‍സാരെ, ധാബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ് എന്നീ മഹദ് ജീവിതങ്ങള്‍ക്കും എന്ത് സംഭവിച്ചു എന്ന് ഈ രാഷ്ട്രത്തിനറിയാമെനന്നും ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണമെന്നും പിണറായി പോസ്റ്റില്‍ വ്യക്തമാക്കി.

രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന പ്രസ്താവനയെ തുടര്‍ന്നാണ് ഹിന്ദു മഹാസഭ കമല്‍ഹാസനുലേരെ വധഭീഷണി ഉയര്‍ത്തിയത്. കമല്‍ ഹാസനേയും അദ്ദേഹത്തെപ്പോലെയുള്ളവരേയും ഒന്നുകില്‍ വെടിവെച്ചോ തൂക്കിയോ കൊല്ലണമെന്നായിരുന്നു ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷന്‍ അശോക് ശര്‍മയുടെ പരാമര്‍ശം. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് ഹിന്ദുമതവിശ്വാസത്തെ അധിക്ഷേപിച്ച് ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവര്‍ തങ്ങളുടെ തെറ്റിന് കൊല്ലപ്പെടുക തന്നെ വേണം. എന്നാലേ ഇക്കൂട്ടര്‍ പാഠം പഠിക്കൂവെന്നുംമായിരുന്നു അശോക് ശര്‍മയുടെ പരാമര്‍ശം.

തമിഴ് മാസിക ആനന്ദ് വികടനില്‍ കമല്‍ഹാസന്‍ എഴുതിയ ലേഖനമാണ് വിവാദമായത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.