‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടത്. വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊത്തുയരാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെയാണ് ‘വണ്‍ മാന്‍ ഷോ’ എന്ന പ്രയോഗം കൊണ്ട് സിന്‍ഹ ഉദ്ദേശിച്ചത്. മോഡിയും ഷായും പാര്‍ട്ടി-സര്‍ക്കാര്‍ സംവിധാനത്തെയാകെ കൈപ്പിടിയിലൊതുക്കിയതിനെയാണ് ‘ടു മെന്‍ ആര്‍മി’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.

എല്‍. കെ അദ്വാനിയടക്കം മുതിര്‍ന്ന നേതാക്കളെ തഴയുന്നതിലുള്ള അമര്‍ഷവും ശത്രുഘ്നന്‍ സിന്‍ഹ തുറന്ന് പ്രകടിപ്പിച്ചു. എല്‍. കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയുമടക്കം മുതിര്‍ന്ന നേതാക്കള്‍ ചെയ്ത തെറ്റെന്താണെന്ന് തനിക്ക് മനസിലാവുന്നില്ല. എന്തുകൊണ്ടാണ് അവരെ അകറ്റിയതെന്നും പാര്‍ശ്വവത്കരിച്ചതെന്നും അറിയില്ല. പാര്‍ട്ടി ഒരു കുടുംബം പോലെയാണ്. പിഴവുകളെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അനുരഞ്ജനത്തിനുള്ള ശ്രമങ്ങളുണ്ടാവാത്തതെന്താണ്? – സിന്‍ഹ ചോദിച്ചു.

ബി.ജെ.പി ഇപ്പോള്‍ പിന്തുടരുന്ന നയങ്ങള്‍ യുവാക്കളെയും കര്‍ഷകരെയും കച്ചവടക്കാരെയും അസംതൃപ്തരാക്കിയിരിക്കുകയാണെന്ന് സിന്‍ഹ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ കൊണ്ട് കള്ളപ്പണം ഒഴിവാക്കാനായില്ല. ജി.എസ്.ടി മൂലം ചാര്‍ട്ടേഡ് അക്കൗണ്ടന്റമാര്‍ക്ക് മാത്രമാണ് നേട്ടമുണ്ടായത്.

വലിയ വെല്ലുവിളിയാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേരിടുന്നത്. ആശയപരമായി യോജിക്കുന്ന ഹാര്‍ദിക് പട്ടേലിനെ കൂടെ നിര്‍ത്താനാവാഞ്ഞത് പിഴവാണ്. എതിരാളികളെ വില കുറച്ചു കാണുന്നതിന് പകരം ചുവരെഴുത്തു കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ബി.ജെ.പി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഇടക്ക് ഉപേക്ഷിച്ചു പോകാനല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും സിന്‍ഹ പറഞ്ഞു.