സിപിഎം നിലപാട് കടുപ്പിക്കുന്നു, മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനെ

ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.മന്ത്രിക്കെതിരെ വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതോടെ വിഷയത്തില്‍ സിപിഎം നിലപാട് കടുപ്പിക്കുകയാണ്. അടുത്തയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

മന്ത്രിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്നാണ് സിപിഎം നിലപാട്.മന്ത്രിയെ പിന്‍വലിക്കാന്‍ എന്‍സിപി തയ്യാറാകാത്തതാണ് രാജി തീരുമാനം നീളുന്നതെന്നാണ് സൂചന. സിപിഐയ്ക്ക് പിന്നാലെ സിപിഎമ്മും നിലപാട് കടുപ്പിക്കുന്നതോടെ മന്ത്രിക്ക് രാജിവെക്കേണ്ടതായിവരും.

അതേസമയം, രാജിവെക്കില്ലെന്ന വാശിയിലാണ് മന്ത്രി തോമസ് ചാണ്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കാരണവശാലും രാജിവെക്കില്ലെന്നും തനിക്കെതിരായ പരാതികള്‍ കോടതിയുടെ പരിഗണനയിലാണെന്നുമാണ് മന്ത്രിയുടെ വാദം.

മന്ത്രിക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചതോടെ വിഷയത്തില്‍ സിപിഎം തീരുമാനം നിര്‍ണായകമായിരിക്കും.