പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു.

പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ 30 കോടി രൂപയെങ്കിലും ആവശ്യമുണ്ട്. ഈ പണം എന്റെ ആരാധകര്‍ വഴി ശേഖരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശമൊന്നും ഇല്ല. എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല; അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു ലക്ഷ്യമെന്ന് കേളമ്പാക്കത്തു കമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തിനിടെ കമല്‍ പറഞ്ഞു.

ജനങ്ങളില്‍നിന്നുള്ള സംഭാവനാ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മൊബൈല്‍ ആപ്പ് നാളെ പുറത്തിറക്കുമെന്നും പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്റെ ആദ്യചുവടാണ് ഇതെന്നും കമല്‍ഹാസന്‍ പറയുന്നു. ക്ഷേത്രങ്ങള്‍ പൊളിച്ചുനീക്കണമെന്നു താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതേസമയം മതത്തിന്റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുത്. എത്രപേര്‍ എതിര്‍ക്കുന്നുവെന്നതു പ്രശ്നമല്ല. എന്തു ചെയ്യുന്നുവെന്നതിലാണു കാര്യം. തനിക്ക് ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞു. തുടര്‍ച്ചയായി അടിക്കാന്‍ താന്‍ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കമലിനെ വെടിവച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദു മഹാസഭാ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മയുടെ ആഹ്വാനം കഴിഞ്ഞദിവസം വിവാദമായിരുന്നു. ജയിലുകളില്‍ സ്ഥലമില്ലാത്തതുകൊണ്ടാകും കൊലപ്പെടുത്താനുള്ള ആഹ്വാനമെന്നു കമല്‍ഹാസന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.