തമിഴകത്ത് കമലിന് അനുകൂലമായ തരംഗം; ന്യൂനപക്ഷങ്ങളും ഉലകനായകനൊപ്പം !

തമിഴകത്ത് നടന്‍ കമല്‍ഹാസന് പിന്തുണയേറുകയാണ്.രാജ്യത്തെ ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറഞ്ഞതിന് കമലിനെ വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദുമഹാസഭാ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ്മയുടെ ഭീഷണിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ കമലിന് കൂടുതൽ അനുകൂലമാക്കി മാറ്റിയിരിക്കുന്നത് .

സിനിമാരംഗത്ത് നിന്നും നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ശക്തമായ ഭാഷയില്‍ ഹിന്ദുമഹാസഭക്ക് മുന്നറിയിപ്പു നല്‍കിയ കേരള മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന തന്നെയാണ് തമിഴകത്തെ ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റ്.

ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ തമിഴകത്ത് കേരളത്തിലേക്കാള്‍ തീവ്രമായ ആചാരങ്ങള്‍ പിന്തുടരുമ്പോഴും ഉറച്ച സെക്കുലര്‍ നിലപാട് എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണുള്ളത്.ഇക്കാര്യത്തില്‍ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാടുകളും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബി.ജെ.പിയുമായി ‘ധാരണ’യില്‍ ജയലളിതയുടെ കാലത്ത് അണ്ണാ ഡി.എം.കെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പോലും മതനിരപേക്ഷ നിലപാടില്‍ ജയലളിത ഉറച്ചു നിന്നിരുന്നു.അതുകൊണ്ടുതന്നെ ന്യൂനപക്ഷ വിഭാഗത്തിലെ നല്ലൊരു പങ്ക് വോട്ട് എപ്പോഴും അണ്ണാ ഡി.എം.കെയുടെ പെട്ടിയില്‍ വീഴുമായിരുന്നു.

ജയലളിതയുടെ മരണവും കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമെതിരായ ജനവികാരവുമെല്ലാം തമിഴകത്ത് പ്രതിപക്ഷമായ ഡി.എം.കെക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമല്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.ജയലളിതക്ക് ശേഷം സിനിമാ മേഖലയില്‍ നിന്നു തന്നെ തലൈവര്‍ വരണമെന്ന നിലപാടുള്ള സിനിമാ പ്രവര്‍ത്തകരും കമലിനൊപ്പമാണുള്ളത്.

‘കമല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് നിലപാട് പ്രഖ്യാപിക്കട്ടെ’ അതിനു ശേഷം പരസ്യ നിലപാട് സ്വീകരിക്കാം എന്ന നിലപാടിലാണ് പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.അതേ സമയം സൂപ്പര്‍സ്റ്റാര്‍ രജനി രാഷ്ട്രീയത്തിലിറങ്ങും എന്ന സൂചന ഇടക്കിടെ നല്‍കുന്നുണ്ടെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് പോലും വലിയ വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്.

കര്‍ണ്ണാടകക്കാരനായ രജനിക്കെതിരെ പ്രാദേശിക വികാരം ഉയരുമെന്ന ഭയമാണ് ഇപ്പോഴും ഉറച്ച നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വങ്ങളാണ് രജനിയെ രാഷട്രീയത്തിലിറങ്ങാന്‍ അണിയറയില്‍

ആരാധകരുടെ യോഗം വിളിച്ചു ചേര്‍ത്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചന അദ്ദേഹം നല്‍കിയിരുന്നെങ്കിലും പിന്നീട് തന്ത്രപരമായി മൗനം തുടരുകയാണുണ്ടായത്.രജനി സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ആ പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കുകയും വേണമെന്നതാണ് ആര്‍.എസ്.എസ് താല്‍പ്പര്യം.

സി.പി.എം നേതാക്കളെ ഹീറോകളായി കാണുകയും കമ്യൂണിസ്റ്റ് പ്രത്യേയ ശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്ന കമല്‍ ഹാസനോട് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടതും സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനാണ്.

രാഷ്ട്രീയവും സിനിമയും ഇഴകലര്‍ന്ന തമിഴക രാഷ്ട്രീയത്തില്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തന്ത്രപരമായി നീങ്ങാനാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ നീക്കം.കമല്‍ നേതൃത്വം കൊടുക്കുന്ന മുന്നണിയില്‍ സി.പി.എം ഉള്‍പ്പെടെ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അട്ടിമറി വിജയം നേടാമെന്നാണ് കണക്കുകൂട്ടല്‍.

ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് വലിയ നേതാക്കള്‍ ഉണ്ടായിട്ടും ഇപ്പോഴും കാര്യമായ നേട്ടുണ്ടാക്കാന്‍ പറ്റാത്ത സംസ്ഥാനമാണ് തമിഴകം.ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട്‌ തമിഴകം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണ്ണായകവുമാണ്.ഇപ്പോള്‍ ഡി.എം.കെക്ക് അനുകൂലമായി നില്‍ക്കുന്ന ഈ വിഭാഗത്തിലെ നല്ലൊരു വിഭാഗം കമലിന് അനുകൂലമായി നിലപാട് ഇതിനകം തന്നെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

പൊതു കാര്യങ്ങളില്‍ ശക്തമായി ഇടപെടുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന കമല്‍ യുവ സൂപ്പര്‍ താരങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.രജനിയുടെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന ദളപതി വിജയ് ആണ് അതില്‍ പ്രമുഖന്‍.

മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തുവരികയും വിജയ്‌യെ വംശീയമായി കേന്ദ്ര നേതാവ് തന്നെ അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ ശക്തമായി പ്രതികരിച്ച് ആദ്യം രംഗത്ത് വന്നിരുന്നത് കമല്‍ഹാസനാണ്.

തൊട്ടുപിന്നാലെ ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, രാഹുല്‍ ഗാന്ധി തുടങ്ങിയവരും രംഗത്തുവന്നു.ബി.ജെ.പിക്കെതിരെ തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധമറിയിച്ചത്.

തമിഴകത്ത് രോക്ഷം ആളിക്കത്തി തുടങ്ങിയതോടെ ഒടുവില്‍ രജനിയും മെര്‍സല്‍ സിനിമക്ക് അനുകൂലമായി ട്വീറ്റ് ചെയ്യുകയുണ്ടായി.ജി.എസ്.ടി വിവാദമുയര്‍ത്തിയും മറ്റും മെര്‍സലിനും അതിലെ നായകനുമെതിരെ പ്രതികരിച്ചത് വലിയ വിഡ്ഢിത്തമായി പോയെന്ന ചിന്താഗതിയിലാണിപ്പോള്‍ ബി.ജ.പി ഉന്നത നേതൃത്വം.

ദേശീയ തലത്തില്‍ തന്നെ വിഷയം ചര്‍ച്ചയായതിനേക്കാള്‍ ബി.ജെ.പിയുടെ ചങ്കിടിപ്പിക്കുന്നത് ഈ അവസ്ഥയില്‍ ഇനി രജനിയെ മുന്‍നിര്‍ത്തി പരീക്ഷണം നടത്തിയാല്‍ പാളുമോയെന്ന ഭയമാണ്.ബി.ജെ.പി നേതാക്കളോട് കലിപ്പിലായ വിജയ് കമല്‍ഹാസന് പിന്തുണ നല്‍കിയേക്കുമെന്നാണ് അവര്‍ ഭയപ്പെടുന്നത്.

 

ഓരോ ജില്ലയിലും ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള വിജയ്‌യെ പിണക്കിയത് അബദ്ധമായി പോയി എന്ന നിലപാട് ആര്‍.എസ്.എസ് താത്വകാചാര്യന്‍ ഗുരുമൂര്‍ത്തിക്കു പോലുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യക്തിപരമായും കമല്‍ഹാസനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് ദളപതി വിജയ്.

ഡി.എം.കെ സ്റ്റാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തി കാട്ടുമ്പോള്‍ ഭരണപക്ഷമായ അണ്ണാ ഡി.എം.കെ ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാന്‍ തലയെടുപ്പുള്ള ഒരു നേതാവുപോലുമില്ല.ഇവിടെയാണ് കമലിന്റെയും രജനിയുടെയും പ്രസക്തി.സ്റ്റാലിന്‍ കമല്‍ പോരാട്ടമാണോ അതോ രജനി, കമല്‍, സ്റ്റാലിന്‍ പോരാട്ടമാണോ നടക്കാന്‍ പോകുന്നത് എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ആഭ്യന്തര പ്രശ്‌നത്തില്‍പ്പെട്ട് നിലംപൊത്തുമെന്ന് കരുതുന്ന രാഷ്ട്രീയ കേന്ദ്രങ്ങള്‍ ലോക്‌സഭ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരിമിച്ചു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.