ഡിങ്കൻ രവി’ എന്ന കഥാപാത്രമായി അഭിനയിച്ച സുധീർ കരമനയെ വെടിവെച്ചു കൊല്ലുമെന്ന് ഡിങ്കോയിസ്റ്റുകൾ

ചെമ്പരത്തിപ്പൂവിലെ ‘ഡിങ്കൻ രവി’ എന്ന കഥാപാത്രമായി അഭിനയിച്ച സുധീർ കരമനയെ വെടിവെച്ചു കൊല്ലുമെന്ന് ഡിങ്കോയിസ്റ്റുകൾ.തങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ സിനിമയിലോ നാടകത്തിലോ ഏതു കലാരൂപത്തിലോ അവതരിപ്പിച്ചാലും ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ആയാലും അനുവദിക്കാനാവില്ലെന്ന് ഡിങ്കോയിസ്റ്റുകളിലെ ഒരു വിഭാഗവും മൂഷിക സേനയുടെ വക്താക്കളും പറയുന്നു.

നേരത്തെ പ്രൊഫസർ ഡിങ്കൻ എന്നപേരിൽ ദിലീപ് അഭിനയിച്ച ചിത്രത്തിനെതിരെ ഡിങ്കോയിസ്റ്റുകൾ പരസ്യമായി തെരുവിൽ ഇറങ്ങുകയും ആയിരക്കണക്കിന് ഡിങ്ക ഭക്തന്മാർ ദിലീപിന്റെ പുട്ടുകടയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.പ്രൊഫസർ ഡിങ്കൻ പിന്നീട് പെട്ടിയിൽ ഇരിക്കുകയുംദിലീപ് ചട്ടിയിലാകുകയും ചെയ്തത് ഡിങ്കോയിസ്റ്റുകൾ ഓർമ്മിപ്പിക്കുന്നു.

ശക്തരിൽ ശക്തനും പോരാളിയും ലോകത്തിൻറെ ഏക രക്ഷകനുമായ ഭഗവൻ ഡിങ്കനെ അവഹേളിക്കുന്ന ഒരു നടപടികളും തങ്ങൾ കേരളത്തിൽ വച്ചുപൊറുപ്പിക്കില്ലെന്നു മൂഷികസേനയുടെ വക്താക്കൾ പറഞ്ഞു.എന്നാൽ ചില തീവ്ര ഡിങ്കോയിസ്റ്റുകളാണ് വധ ഭീഷണിക്കു പിന്നിൽ എന്നും തങ്ങൾ തികച്ചും ജനാധിപത്യപരമായ പ്രതിഷേധങ്ങളായിരിക്കും ഇതിനെതിരെ സംഘടിപ്പിക്കുക എന്നും ആണ് പങ്കിലക്കാട്ടെ ഡിങ്കോയിസ്റ്റ്ഹെഡ്‍ ക്വർട്ടേഴ്സിലെ ഔദ്യോഗിക വക്താവ് പ്രതികരിച്ചത്.

അസ്‌കർ അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.നവാഗതനായ അരുൺ വൈഗ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ സുധീർ കരമന എത്തുന്നത് ഡിങ്കൻ രവി എന്ന കഥാപാത്രമായാണ്.സുധീർ കരമനയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

അദിതി രവിയും, പാർവ്വതി അരുണുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.ജീൻപോൾ ലാൽ സംവിധാനം ചെയ്‌ത ഹണി ബീ 2.5 ആണ് അസ്‌കർ അലി നായകനായ ആദ്യ ചിത്രം.അജു വർഗീസ്, ധർമ്മജൻ ബോർഗാട്ടി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവരാണ്‌.