നൂതന ജീന്‍ എഡിറ്റിങ്ങ്; ഗവേഷണം പുതിയ വഴിത്തിരിവില്‍ ; ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്തിറക്കാം

ഇഷ്ടമുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന പോലെ കസ്റ്റമൈസ്ഡ് കുഞ്ഞുങ്ങൾ… അതിശയിക്കണ്ട ! ഭ്രൂണത്തിൽ കയറി എഡിറ്റ്‌ ചെയ്ത് വേണ്ട പോലെ കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്യാം. സിനിമയല്ല ; കഥയുമല്ല.

മനുഷ്യഭ്രൂണത്തില്‍ ജനിതക എഡിറ്റിങ്ങ് നടത്താന്‍ അനുമതി നല്കിയതോടെയാണ് കാര്യങ്ങളിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്. ബ്രിട്ടണിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്റ് എംബിയോളജി അതോറിറ്റി (HFEA) ആണ് അമ്പരപ്പിക്കുന്ന സാധ്യതകള്‍ക്കൊപ്പം ആശങ്കകള്‍ക്കു കൂടി ഇട നല്‍കുന്ന ഗവേഷണത്തിന് അനുമതി നല്‍കിയത്. ലണ്ടനിലെ ഫ്രാന്‍ഡിസ്ട്രിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിത്തുകോശ ഗവേഷകയായ കാത്തിനിയാകന്‍ ആണ് അനുമി നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചൈനീസ് ഗവേഷകരും മനുഷ്യഭ്രൂണത്തില്‍ ജനിതകമാറ്റം വരുത്തുന്ന പരീക്ഷണങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്തതായി അവകാശപ്പെട്ടിരുന്നത് ശാസ്ത്രലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.

മനുഷ്യഭ്രൂണ വികസനത്തിന്റെ ആദ്യഘട്ടത്തിലെ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ക്കുക എന്നതാണ് തന്റെ ഗവേഷണ ലക്ഷ്യമെന്ന് നിയാകന്‍ പറയുന്നു. ഒന്നു മുതല്‍ 7 ദിവസം വരെയുള്ള ഭ്രൂണ വളര്‍ച്ച സൂക്ഷ്മമായി പഠിച്ച് ആരോഗ്യമുള്ള മനുഷ്യഭ്രൂണം എങ്ങിനെ രൂപം കൊള്ളുന്നു എന്ന് മനസ്സിലാക്കി ഇന്‍വിട്രോ ഫെര്‍റ്റിലൈസേഷന്‍ (IVF) വിജസാദ്ധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഐ.വി.എഫ്. ക്ലിനിക്കുകളില്‍ ചികിത്സിക്ക ശേഷം അധികമായി വരുന്ന ഭ്രൂണങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുക. ബീജസങ്കലനം നടന്ന അണ്ഡം 250 ഓളം കോശങ്ങളായി മാറുന്നതുവരെയുള്ള വികാസമാണ് നിരീക്ഷിക്കുക. ചില സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഗര്‍ഭാവസ്ഥ ശിശുക്കളെ നഷ്ടമാവുന്നു എന്നതും, വന്ധ്യതാ നിവാരണ ചികിത്സയായ ഐ.വി.എഫ്. വിജയിക്കാതെ വരുന്നു എന്നും കൃത്യമായി മനസ്സിലാക്കാന്‍ ഈ ഗവേഷണത്തിനു കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതിലൂടെ വന്ധ്യതാ നിവാരണ ചികിത്സയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ജീന്‍ എഡിറ്റിങ്ങ്

ക്രിസ്പര്‍ സി.എ.എസ്. 9 (Crispr Cas-9 ) എന്ന നൂതന ജീനോം എഡിറ്റിംങ്ങ് മാര്‍ഗ്ഗമാണ് നിയാകന്‍ ഉപയോഗപ്പെടുത്തുക. ഇതിലൂടെ ഭ്രൂണത്തിലെ ജീനുകളെ ‘ഓണ്‍’ ആക്കിയും ‘ഓഫ്’ ആക്കിയും നിരീക്ഷിക്കും. ചില പ്രത്യേക ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കിയും ചിലതിനെ പ്രവര്‍ത്തന രഹിതമാക്കിയും അവ ഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ചെലുത്തുന്ന സ്വാധീനത്തിലേക്ക് വെളിച്ചം വീശും. ബയോമെഡിക്കല്‍ രംഗത്ത് വിസ്മയങ്ങള്‍ വിരിപ്പിച്ചുകൊണ്ടിരിക്കുന്ന ജീന്‍ എഡിറ്റിങ്ങ് സങ്കേതമാണ് ക്രിസ്പര്‍. ഡി.എന്‍.എ.യില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ വരുത്താനും, ജീന്‍ തകരാറുകള്‍ പരിഹരിച്ച് ജനിതക രോഗങ്ങള്‍ ഭേദമാക്കാനുമൊക്കെ ഇതിലൂടെ സാധിക്കും. ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. റോബിന്‍ ലോവല്‍ ബാഡ്ജിന്റെ അഭിപ്രായം അനുസരിച്ച് മനുഷ്യ ഭ്രൂണത്തിലെ വിവിധ കോശങ്ങളുടെ വികാസത്തെക്കുറിച്ചും ഭാവിയില്‍ ജീന്‍ ചികിത്സയില്‍ ജീന്‍ തകരാറുകള്‍ പരിഹരിക്കുന്നതിന് പുതിയ സാങ്കേതിക വിദ്യ എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന അപൂര്‍വ്വ അവസരമാണിത്.

മനുഷ്യഭ്രൂണം ആരോഗ്യമുള്ള ഒരു ശിശുവായി മാറുന്നതില്‍ വിവിധ ജീനുകളുടെ പങ്ക് എന്തെന്ന് മനസ്സിലാക്കുക എന്നതും തങ്ങളുടെ ഗവേഷണ ലക്ഷ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഭ്രൂണ വികാസത്തിന്റെ ആദ്യഘട്ടത്തിലൂടെ ബ്ലാസ്റ്റോസ്റ്റിക്ക് അവസ്ഥയില്‍ ഓരോ കോശങ്ങള്‍ക്കും നിശ്ചിത ധര്‍മ്മമുണ്ട്. ചിലത് പ്ലാസന്റയായി മാറാനുള്ളതാണ്. മറ്റ് ചിലത് നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുമായി മാറാനുള്ളവയും. ഇതെങ്ങിനെ, എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം കൂടിയാണഅ കാത്തിനിയാകന്റെ നേതൃത്വത്തില്‍ ഉള്ള ഗവേഷകര്‍ തേടുന്നത്. ബ്ലാസ്റ്റോസിസ്റ്റ് ഘട്ടത്തില്‍ ഡി.എന്‍.എ.യിലെ ചില ഭാഗങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജീനുകളാവണം ഭ്രൂണവളര്‍ച്ചയുടേയും വികാസത്തിന്റേയും ആദ്യഘട്ടങ്ങളെ നിയന്ത്രിക്കുന്നനത്. ഈ ജീനുകള്‍ ഏതൊക്കെ, ഇവയില്‍ ഏതിലൊക്കെ ഉണ്ടാകുന്ന തകരാറുകളാണ് ഭ്രൂണത്തിന്റെ ശരിയായ വളര്‍ച്ചയെ തടയുന്നത് തുടങ്ങിയ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്തുക എന്നതും ഗവേഷണ ലക്ഷ്യമാണ്. ഇതിനായി ഐ.വി.എഫ്. ക്ലിനിക്കുകളില്‍ നിന്ന് ചികിത്സക്ക് ശേഷം ബാക്കിയാവുന്ന ഭ്രൂണങ്ങള്‍ സ്വീകരിച്ച് അതിലെ ജീനുകളില്‍ മാറ്റങ്ങള്‍ വരുത്തി നിരീക്ഷിക്കും. ഏഴു ദിവസത്തിന് ശേഷം ഈ ഭ്രൂണങ്ങള്‍ നശിപ്പിച്ചുകളയുമെന്നും ഗവേഷകര്‍ പറയുന്നു.

ഇനി ജി.എം. ശിശുക്കളും വരുമോ ?

ഹ്യൂമന്‍ ജനിറ്റിക്‌സ് അലര്‍ട്ട് ഡയറക്ടറായ ഡോ. ഡേവിഡ് കിങ്ങിന്റെ അഭിപ്രായം അനുസരിച്ച് ജി.ജി.എം. ശിശുക്കളുടെ പിറവിയിലേക്ക് നയിക്കുന്ന ഗവേഷണമാണിത്. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ കൂടുതല്‍ സുതാര്യമാവേണ്ടതുണ്ട്. ഡിസൈനര്‍ ശിശുക്കള്‍ യാഥാര്‍ത്ഥ്യമാവുന്നതോടൊപ്പം ഗുണമേന്മയുള്ള മനുഷ്യ ശിശുക്കളെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുന്ന കാലം വരും. കണ്‍സ്യൂമര്‍ ന്യൂജനിക്‌സിന് (ഗുണ മേന്മയുള്ള മനുഷ്യശിശുക്കളെ മാത്രം സൃഷ്ടിക്കല്‍) ഇത് വഴിയൊരുക്കിയേക്കും. ആള്‍ഡസ് ഹക്‌സ്‌ലിയുടെ ‘ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന ശാസ്ത്ര കല്‍പ്പിത നോവലിലുള്ള ഡിസൈനര്‍ മനുഷ്യര്‍ ഇനി എത്രനാള്‍ സാങ്കല്‍പ്പീകം മാത്രമായി തുടരുമെന്ന് പറയാന്‍ കഴിയില്ല. ഗട്ടാക (Gattaca) എന്ന സയന്റിഫിക്ഷന്‍ സിനിമയിലും കടന്നു വരുന്നുണ്ട് ഡിസൈനര്‍ ശിശുക്കള്‍.

ഭ്രൂണാവസ്ഥയില്‍ നടത്തുന്ന ജനിതക പരിഷ്‌കരണം ഒരു വ്യക്തിയെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നത് ഗൗരവതരമായ കാര്യമാണ്. ഇത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന ഗുണദോഷങ്ങളുടെ നിയന്ത്രണം ജീന്‍ എഡിങ്ങിലൂടെ സാധ്യമാവും. ഇതിന്റെ മറവില്‍ രോഗങ്ങളൊന്നുമില്ലാത്ത മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ച് വിവിധ ഗുണങ്ങളുള്ള ഡിസൈനര്‍ ശിശുക്കള്‍ പിറവിയെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഡിജിറ്റല്‍ സിവൈഡിനേക്കാള്‍ വലിയൊരു വിടവാകും സമൂഹത്തില്‍ ഉണ്ടാവുക. പല മത വിശ്വാസികളും ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നു. കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വ്യക്തിത്വ വികസനം തടയപ്പെടുന്നു. പല മത വിശ്വാസികളും ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്നു, കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വ്യക്തിത്വ വികാസം തടയപ്പെടുന്നു, സ്വയം തെരഞ്ഞെടുപ്പിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു തുടങ്ങിയ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഭ്രൂണത്തില്‍ നടത്തുന്ന ജീനോം എഡിറ്റിംഗ് ഗവേഷണങ്ങള്‍ക്ക് നിലവില്‍ ഒരു ധനസഹായവും നല്‍കുന്നില്ല. എന്നാല്‍ ഈ ഗവേഷണം ഉയര്‍ത്തുന്ന ധാര്‍മ്മിക് നൈതിക പ്രശ്‌നങ്ങളും ഈ ഗവേഷണം കൊണ്ട് മാനവരാശിക്കുണ്ടാവുന്ന നേട്ടങ്ങള്‍ക്കും സാധ്യതകള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ജീന്‍ എഡിറ്റിംഗിനെ അനൂകൂലിക്കുന്ന ശാസ്ത്രജ്ഞരുടെ വാദം.