കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

റോയി മാത്യു

വ്യക്തി പൂജ നടത്താത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് ലോകത്തിലുണ്ടോ? ആരുമില്ല. ലെനിൻ, സ്റ്റാലിൻ, മാവോ ഇവരാരും ഇതിനൊന്നും അതീതരായി രുന്നില്ല. പിന്നെന്തിനാ പി.ജയരാജനു മേൽ കുതിര കേറുന്നത്.

ഇ എം എസ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പലരും ” തിരുമേനി ” എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ പോലും അത് തിരുത്തി കണ്ടിട്ടില്ല. മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള, EMS നെ തിരുമേനി എന്ന് അഭി സംബോധന ചെയ്ത് പ്രസംഗിക്കുന്നത് ഞാൻ റിപ്പോർട് ചെയ്തിട്ടുണ്ട്. പിള്ളയുടെ ആത്മ കഥയിലും EMS നെക്കുറിച്ച് പരാമർശിക്കുന്നിടത്തൊക്കെ തിരുമേനി എന്നാണ് എഴുതിയിരിക്കുന്നത്.

മലയാള മനോരമ ഫോട്ടൊഗ്രാഫറായ ബി.ജയചന്ദ്രൻ EMS നെക്കുറിച്ച് ഫോട്ടോ ചിത്രപ്രദർശനം നടത്തിയിരുന്നു. EMS ജീവിച്ചിരുന്ന കാലത്താണ് പടങ്ങളത്രയും എടുത്തത്.EM നെ ശംഖുമുഖം കടപ്പുറത്ത് കൊണ്ടുപോയി വരെ ജയൻ പടമെടുത്തിരുന്നു. മനോഹരമായ പടങ്ങളാണ്. പല പാർടി സമ്മേളനങ്ങളിലും ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അന്നൊന്നും ഇതിനെ വ്യക്തിപൂജയായി ആരും പറഞ്ഞു കേട്ടില്ല. അതോ EMS നെ പേടിച്ചാണോ വ്യക്തിപൂജക്കാര്യം പറയാത്തത്.ഇതൊക്കെ സഹിക്കാം…

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ചെയ്ത കടുംകൈ ആണ് ഏറ്റവും അസ്സഹനീയം. ഒരാൾക്ക് ഒരു ആത്മകഥ എന്നതൊക്കെ നാട്ടുനടപ്പാണ്. പക്ഷേ ആ നാട്ടുനടപ്പിനെ തൂത്തെറിഞ്ഞ നേതാവാണ് നായനാർ .

അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നാല് ആത്മകഥകൾ എഴുതിയിട്ടുണ്ട്. പല സംഭവങ്ങളും വ്യത്യസ്ത തരത്തിലാണ് ഓരോ ബുക്കിലും അദ്ദേഹം എഴുതിയിരിക്കുന്നത്- കയ്യൂർ വിപ്ലവം നയിക്കാൻ സഖാവ് പി.കൃഷ്ണപിള്ള തന്നോട് നിർദ്ദേശിച്ചു എന്നു വരെ തന്റെ ആത്മകഥയിൽ നായനാർ എഴുതി വെച്ചിട്ടുണ്ട്.

പോലീസ് _ കോടതി രേഖകളിലോ ഒന്നും ഇദ്ദേഹത്തെ കയ്യൂർ കേസിൽ പ്രതിയായി രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, അദ്ദേഹം പടച്ചുവിട്ട ആത്മകഥക ളിലെല്ലാം താൻ കയ്യൂർ കൊലക്കേസിലെ മൂന്നാം പ്രതിയായിരുന്നു, കഴുമരത്തിൽ നിന്ന് രക്ഷപ്പെട്ടു, തൂക്കി കൊല്ലാൻ വിധിച്ച പ്രതിയായിരുന്നു എന്നൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകങ്ങളിൽ കയ്യൂർ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ മുഴുവൻ കയ്യൂർ കേസിലെ രണ്ടാം പ്രതിയായിരുന്ന വി.വി. കുഞമ്പുവിന്റെ “കയ്യൂർ സമര ചരിത്ര “മെന്ന പുസ്തകത്തിൽ നിന്ന് പദാനുപദമോഷണം നടത്തിയതാണെന്ന് തെളിവ് സഹിതം പുറത്തുവന്നിട്ടുണ്ട്.

നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് (1996- 2001) ഞാനും എൽ ആർ. ഷാജിയും ചേർന്നെഴുതിയ ” നായനാർ കയ്യൂരിന്റെ കപടമുഖം ” എന്ന അന്വേഷണാത്മക ചരിത്ര പുസ്തകം പുറത്തു വന്നെങ്കിലും (1998) നായനാരോ, സിപിഎമ്മിന്റെ ആസ്ഥാന ചരിത്രകാരന്മാരോ ഈ ബുക്കിലെ വസ്തുതകൾ നാളിതുവരെ നിഷേധിച്ചിട്ടില്ല.
എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും അവർക്കാവും വിധം സ്വയം പുകഴ്ത്തലും ,ചരിത്ര നിർ മ്മിതിയും നടത്തുന്നതായി തെളിവുകളുണ്ട്.

പി. ജയരാജൻ നാലഞ്ച് ഫ്ളക്സും ഒരു സംഗീത ശില്പവും നിർമ്മിച്ചത് വലിയ അപരാധ മായി ചിത്രീകരിക്കുന്നതിൽ വലിയ കാര്യമില്ല. പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള ” യുവതയോട് : അറിയണം പിണറായിയെ ” എന്ന ഡോക്കുമെന്ററി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പാർട്ടി പ്രചരിപ്പിച്ചിരുന്നു. ഇതും വ്യക്തിപൂജയിൽ പെടുന്നതല്ലേ? ഈ ഡോക്കുമെന്ററി ഉത്തമ ഗീതമെന്ന വിഭാഗത്തിൽ പെടുമോ?കാലാകാലങ്ങളിൽ ഓരോ നേതാക്കളുടെ കഴുത്തു വെട്ടാനുള്ള ഓരോ അടവുകളാണ് വ്യക്തിപൂജാ വിവാദങ്ങൾ. വെറുമോരോ നമ്പരുകൾ……..