Monday, October 18, 2021

Latest Posts

{:en}ആറുവർഷം കഴിഞ്ഞിട്ടും അഴിയാത്ത ദുരൂഹതയായി സിസ്റ്റർ ആൻസിയുടെ മരണം; എങ്ങും എത്താത്ത അന്വേഷണം{:}{:ml}ആറുവർഷം കഴിഞ്ഞിട്ടും അഴിയാത്ത ദുരൂഹതയായി സിസ്റ്റർ ആൻസിയുടെ മരണം; എങ്ങും എത്താത്ത അന്വേഷണം{:}

{:ml}കോട്ടയം കല്ലറ സ്വദേശിയായ സിസ്റ്റർ മേരിആൻസിയെ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു കോൺവെന്റിലെ മാലിന്യ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2011 ആഗസ്റ്റ് 17 ആയിരുന്നു അത്.സിസ്റ്റർ മേരി ആൻസിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് വർഷം ആറ് കഴിഞ്ഞിട്ടും ദുരൂഹതയും അന്വേഷണവും അവസാനിക്കുന്നില്ല. സംഭവം നടന്ന നാൾ മുതൽ മേരിആൻസിയുടെ മരണം ആത്മഹത്യയായി കാണാനായിരുന്നു പൊലീസിന്റെ ശ്രമം. ഇന്നും അവിടെത്തന്നെ ഉറച്ചുനിൽക്കുകയാണ് പൊലീസ്.

കോവളം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 702/ 2011 രജിസ്റ്റർ ചെയ്ത കേസ് ആദ്യം വിഴിഞ്ഞം ഇൻസ്പെക്ടറും പിന്നീട് ആരോപണങ്ങൾ ശക്തമായപ്പോൾ ഫോർട്ട് അസി. കമ്മീഷണർക്ക് കൈമാറുകയുമായിരുന്നു. കേസിൽ 70 പേരെ ചോദ്യം ചെയ്തു. എന്നാൽ അന്നേദിവസം കോൺവെന്റിൽ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ മേരി ആൻസിയുടെ മരണത്തിൽ കലാശിച്ചുവെന്നതും കണ്ടെത്താൻ പൊലീസിനായിട്ടില്ല. അതിന് കഴിയുന്നതുവരെ പൊലീസ് സംശയത്തിന്റെ നിഴലിൽ തന്നെയായിരിക്കും.

കന്യാസ്ത്രീയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ച പൊലീസ് നടപടിക്കെതിരെ അന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയും സിസ്റ്റർ അൻസിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ശരിയായ വിധത്തിലുള്ള യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു.

സിസ്റ്റർ മേരി ആൻസിയുടെ അപ്രത്യക്ഷമായ ഡയറി എവിടെ?

കൃത്യമായി ഡയറി എഴുതുന്ന ശീലമുള്ള ആളായിരുന്നു സിസ്റ്റർ മേരി ആൻസി. എന്നാൽ മേരി ആൻസിയുടെ മരണത്തെത്തുടർന്ന് മുറി പരിശോധിച്ച് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയെങ്കിലും ഡയറിയുടെ കാര്യം മാത്രം രേഖപ്പെടുത്തിയിട്ടില്ല. മുറിയിൽ സൂക്ഷിച്ചിരുന്ന ഡയറി കാണാതായത് ദുരൂഹത വർദ്ധിപ്പിച്ചു. 22 വർഷമായി ഡയറി എഴുതിയിരുന്ന സിസ്റ്റർ മേരി ആൻസിയുടെ (42 ) ഡയറി മരിച്ച നിമിഷം തന്നെ ആരോ കൈക്കലാക്കി എന്നുവേണം സംശയിക്കാൻ. പൊലീസ് നിരവധി തവണ ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ എല്ലാം തന്നെ പരസ്പര വിരുദ്ധമായിരുന്നു. ഇതിനിടെ ഹർജിക്കാരന്റെ അഡ്വക്കേറ്റിനെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതായും ആരാേപണം ഉയർന്നു.

ടാങ്കിന്റെ കോൺക്രീറ്റ്സ്ലാബ് മാറ്റിയതാര്?

കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് ഇളക്കിമാറ്റിയത് ആരെന്ന ചോദ്യവും ഉത്തരം കിട്ടാതെ തുടരുകയാണ്. സിസ്റ്റർ തനിയെ ഇളക്കി മാറ്റിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം മുതലേ പൊലീസ്. എന്നാൽ ഒരു നാൽപ്പത്തി രണ്ടു കാരിക്ക് ഒറ്റയ്ക്ക് എങ്ങനെ ആ സ്ലാബ് ഇളക്കിമാറ്റാനാകുമെന്നാണ് പലരും ഉന്നയിച്ച ചോദ്യം. പക്ഷേ, ഇക്കാര്യത്തിൽ വേണ്ട അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. നാട്ടുകാരായ പലർക്കും തോന്നിയ ഈ സംശയം തന്നെയാണ് വനിതാ കമ്മിഷനും ഉന്നയിച്ചത്. ഇനി അങ്ങനെയല്ല, സിസ്റ്റർ തനിയെയാണ് സ്ലാബ് നീക്കിയതെങ്കിൽ അത്രയും ചെറിയ വിടവിലൂടെ അവർ എങ്ങനെ അകത്തിറങ്ങി എന്ന ചോദ്യത്തിനും അന്വേഷണ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്.

സഭയ്ക്ക് വേണ്ടി സിസ്റ്ററെ ഭ്രാന്തയാക്കിയ പോലീസ്

സിസ്റ്റർ മേരി ആൻസിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തന്നെ ആത്മഹത്യയാണെന്ന് ഉറപ്പിച്ച ലോക്കൽ പൊലീസ് മറ്റൊരു വിചിത്രകാര്യം കൂടി കണ്ടെത്തി. സിസ്റ്റർ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ശരീരത്തിലെ അലർജി അവരെ വല്ലാതെ അലട്ടിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യം കന്യാസ്ത്രീയുടെ മാതാപിതാക്കൾ അന്നുതന്നെ നിഷേധിച്ചിരുന്നു. മരണം ആത്മഹത്യയായി മാറ്റാനുള്ള ലോക്കൽ പൊലീസിന്റെ നീക്കത്തിന്റെ പ്രധാന തെളിവായിട്ടാണ് പലരും ഇത്തരം വാദങ്ങളെ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കണ്ടെത്തലുകളൊന്നും കോടതിയെ ബോധിപ്പിക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല.

കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നിനും പൊലീസിന് മറുപടിയില്ല

സിസ്റ്റർ മേരി ആൻസിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മറുപടിയുണ്ടായിരുന്നില്ല. മൃതദേഹം പുറത്തെടുത്ത ഉടൻ സ്ഥലത്ത് പൊലീസ് സർജൻ എന്തിനാണ് പോയതെന്ന കോടതിയുടെ ചോദ്യത്തിന് പോലും തൃപ്തികരമായ മറുപടി പറയാൻ അന്വേഷണ ഉദ്യേഗസ്ഥർക്ക് കഴിഞ്ഞില്ല. കൂടാതെ, മേരി ആൻസിയുടെ മരണത്തിന് 10 ദിവസങ്ങൾക്ക് മുമ്പ് കോൺവെന്റിൽ നിന്ന് പറഞ്ഞുവിട്ട വേലക്കാരിയെക്കുറിച്ച് അന്വേഷിക്കാനോ അവരെ കണ്ടെത്തി മൊഴിയെടുക്കാനോ പൊലീസ് തയ്യാറാകാത്തതും ആക്ഷേപത്തിനിടയാക്കി.

മേരി ആൻസി മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും അന്വേഷണം ശക്തമാക്കാനോ വേണ്ട വിധം സംശയ നിഴലിലായവരെ ശരിയായ രീതിയിൽ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയാറായിട്ടില്ല.{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.