തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം:ഒരാൾ പിടിയില്‍

നഗരസഭാ മേയര്‍ പ്രശാന്തിനെതിരായ ആക്രമണം ഒരാള്‍ കസ്റ്റഡിയില്‍. ആര്‍എസ്‌എസ് പ്രവര്‍ത്തകനും വലിയവിള സ്വദേശിയുമായ ആനന്ദിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.മേയറെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി കൗൺസിലർമാർക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. മ്യൂസിയം പൊലീസ് , കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ അഡ്വ. സുരേഷിന്റെ അടുത്ത ആളാണ് ആനന്ദ്. ഇയാള്‍ അടക്കമുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മേയറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തിരുവനന്തപുരം നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി- സി.പി.എം സംഘർഷ സാധ്യത കണക്കിലെടുത്താണിത്. പ്രധാന പോയിന്റുകളിലെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തി. നഗരത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഹൈമാസ്റ്റ് ലൈറ്റ് പ്രശ്നത്തിലാണ് തിരുവനന്തരപുരം നഗരസഭയിൽ സി.പി.എം – ബി.ജെ.പി കൗൺസിലർമാർ തമ്മിൽ കൈയാങ്കളി നടന്നത്. കൗൺസിൽ യോഗം കഴിഞ്ഞിറങ്ങിയ മേയറെ പ്രതിപക്ഷ പാർട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ചെയ്തത്.

കാലിനും നെഞ്ചിലും പരിക്കേറ്റ മേയറെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഗിരികുമാർ ജനറൽ ആശുപത്രിയിലും ചികിത്സതേടി.