“ഇനി നമുക്ക് അമ്പലം തീകൊളുത്തുക” – വി.ടി. ഭട്ടതിരിപ്പാട്

കിരാതമായ അയുക്തികൾ സമസ്ത മണ്ഡലങ്ങളിലും ഫണം നിവർത്തിയാടുന്ന വർത്തമാനകാലത്ത് കേരളീയ യുക്തിചിന്താപദ്ധതിയുടെ വൈവിധ്യം തെളിയിക്കുന്ന ഒരുപറ്റം രചനകളുടെ പുനർവായനയും ഭൂതകാലത്തിന്റെ വിമർശനസ്വരങ്ങളെ ഭാവിയുടെ കാവൽസ്വരങ്ങളാക്കി മാറ്റുന്ന സാംസ്‌കാരിക രാഷ്ട്രീയപ്രവർത്തനവും മുൻപെന്നത്തെക്കാളും പ്രസക്തമായ സന്ദർഭത്തിൽ സമൂഹ്യ പരിഷ്ക്കര്‍ത്താവും യുക്തിവാദിയുമായിരുന്ന വി.ടി ഭട്ടതിരിപ്പാടിന്‍റെ പേരില്‍ വി.ടി സ്മാരകസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള വി.ടി സ്മാരക പുരസ്കാരം എറണാകുളം കെ.ജി.ബോസ്ഭവന്‍ ഹാളിൽ വെച്ച് , യുക്തിവാദ പ്രസ്ഥാനത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്‍റെ നെടുംതൂണുകളിലൊരാളായ യു. കലാനാഥന്‍ മാസ്റ്റര്‍ക്ക് അഡ്വ..കെ.എന്‍.അനില്‍കുമാര്‍ (പ്രസിഡന്‍റ്, കേരളാ യുക്തിവാദി സംഘം) സമ്മാനിക്കുന്നു.

“ഇനി നമുക്ക് അമ്പലം തീകൊളുത്തുക” – വി.ടി. ഭട്ടതിരിപ്പാട്

“കേരളത്തിൽ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇതു കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്കു പൊളിച്ചുകളയണം. അതേ, അമ്പലങ്ങളുടെ മോന്തായങ്ങൾക്കു തീവയ്ക്കണം.

അമ്പലങ്ങൾക്കു തീവയ്ക്കുകയോ? പല ഹൃദയങ്ങളിലും ഒരു കത്തിക്കാളൽ ഉണ്ടായേക്കും. ഇതിനു മറ്റാരുമല്ലാ നമ്മുടെ മതഭ്രാന്തുതന്നെയാണ് ഉത്തരവാദി.

ഹരിജനങ്ങളെ നാം മൃഗങ്ങളാണെന്നു വിചാരിക്കുന്നു. ഒരു കരിങ്കല്ലിനെ നാം ദേവനാണെന്നു കരുതുന്നു. ഈ വ്യസനകരമായ വിശ്വാസത്തെ-മതഭ്രാന്തിനെ കൈവെടിഞ്ഞേ കഴിയൂ. എന്റെ സഹോദരീസഹോദരന്മാരേ, നമുക്കു കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും.

ഇനിയും ആ അന്ധവിശ്വാസത്തിന്റെ ചുറ്റും കണ്ണുകെട്ടി ശയനപ്രദക്ഷിണം വയ്ക്കാതെ, ഈ മതഭ്രാന്തിനെ പൂജിക്കാതെ, വങ്കത്തങ്ങളെ പുറത്തേക്കെഴുന്നള്ളിക്കാതെ നമുക്കു ജീവിക്കുക.
ഞാൻ എല്ലാവരോടും ഊന്നിപ്പറയുന്നു, അമ്പലങ്ങൾക്കു തീ വയ്ക്കുക എന്നുവച്ച് ആരും വ്യസനിക്കുകയും പേടിക്കുകയും വേണ്ട.

ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്കു വിളമ്പിക്കൊടുക്കും. ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അർധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞുതുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ-നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗങ്ങളെ- പുറത്തോടിച്ചു കളയുവാനാണ് ഉപയോഗിക്കുക. കത്തിച്ചുവച്ച കെടാവിളക്കാകട്ടെ നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്ത മുഖത്തെ വീണ്ടും തെളിയിച്ചുകാണിക്കുവാനല്ലാ, അതിന്റെ തല തീക്കത്തിക്കുവാനാണ് ഞാൻ ശ്രമിക്കുക. അത്ര വെറുപ്പുതോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചുകളയുവാൻ ഒരു എളുപ്പമാർഗമുണ്ട്. അതാണ് അമ്പലങ്ങൾക്കു തീവയ്ക്കുക’.
(ഉണ്ണിനമ്പൂതിരി, 1933 ഏപ്രിൽ 28)