സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസും വന്ധ്യതയും

എന്‍ഡോമെട്രിയോസിസ് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന ഒരു രോഗമാണ്. സിസ്റ്റിനു തുല്യമായ അവസ്ഥയെന്നു വേണമെങ്കില്‍ പറയാം.

സ്ത്രീകളിൽ എല്ലാ മാസവും യൂട്രസിനകത്ത് ബ്ലഡ്, ടിഷ്യൂ സെല്ലുകളുടെ ഒരു വലയം രൂപപ്പെടും. ഭ്രൂണം രൂപപ്പെടുകയാണെങ്കില്‍ ഇതിന് ആവശ്യമായ പോഷകം നല്‍കുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഗര്‍ഭധാരണം നടക്കാതിരുന്നാല്‍ ഈ വലയം പൊഴിഞ്ഞ് രക്തപ്രവാഹമായി മാറും.ഇതാണ് ആര്‍ത്തവം എന്നറിയപ്പെടുന്നത്.

എന്നാല്‍ ഇതിലെ ചില സെല്ലുകള്‍ ചിലപ്പോള്‍ പുറത്തുപോകാതെ ഓവറി, ഫെല്ലോപിയന്‍ ട്യൂബ്, സെര്‍വിക്‌സ്, യോനി തുടങ്ങിയ ഭാഗങ്ങളില്‍ പറ്റിപ്പിടിക്കും. ഇത് ചെറിയ ട്യൂമറുകളായി മാറുകയും ചെയ്യും. ഇതാണ് എന്‍ഡോമെട്രിയോസിസ് എന്ന് അറിയപ്പെടുന്നത്. ഇത്തരം ട്യൂമറുകള്‍ ക്യാന്‍സര്‍ പോലുള്ള മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ പടരുകയോ ചെയ്യുന്നില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുകയും അമിത രക്തപ്രവാഹത്തിന് ഇടയാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്. സാധാരണ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് കാണാറില്ല. വൈകി കുട്ടികളുണ്ടാകുന്നവരിലും കുട്ടികളില്ലാത്തവരിലുമാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരാറ്.

എന്‍ഡോമെട്രിയോസിസ് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്. വയറ്റിലുണ്ടാകുന്ന വേദനയാണ് ഒരു ലക്ഷണം. വേദനയും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് അടിവയറ്റില്‍ കഠിനമായ വേദനയുണ്ടാകും. മറ്റു ചിലര്‍ക്കാവട്ടെ, നടുവിലും തോളിലുമായിരിക്കും വേദന അനുഭവപ്പെടുന്നത്. ക്രമരഹിതമായ ആര്‍ത്തവമാണ് മറ്റൊരു ലക്ഷണം. ആര്‍ത്തവം ചിലപ്പോള്‍ വരാതിരിക്കാം. ചിലപ്പോള്‍ ആര്‍ത്തവം തമ്മിലുള്ള ഇടവേള കുറയാം. ചിലപ്പോള്‍ അമിതമായ ബ്ലീഡിംഗുണ്ടാകാം.

എന്‍ഡോമെട്രിയോസിസ് വയറിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നു. ദഹനപ്രക്രിയ അവതാളത്തിലാകും. ഇത് ചിലപ്പോള്‍ മലബന്ധത്തിനും മറ്റു ചിലപ്പോള്‍ വയറിളക്കത്തിനും വഴി വയ്ക്കുകയും ചെയ്യും. എന്‍ഡോമെട്രിയോസിസ് ഉള്ളവരുടെ മൂത്രത്തിലും ചിലപ്പോള്‍ രക്തത്തിന്റെ അംശം കണ്ടെത്താന്‍ സാധിക്കും. ഇത്തരം പ്രശ്‌നമുള്ള സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഗര്‍ഭം ധരിക്കാന്‍ പ്രയാസം നേരിടും. കൂടുതല്‍ ഗുരുതരമായ അവസ്ഥയില്‍ ഇത് ചിലപ്പോള്‍ വന്ധ്യത വരെ വരുത്തി വച്ചേക്കാം.