ജീവിതാനുഭവങ്ങളുടെ നീറുന്ന ട്രാക്കിലാണ് ദേശീയ സ്കൂൾ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണം നേടിയ ഈ ആദിവാസി പെൺകുട്ടി

ദേശീയ സ്കൂൾ ചാമ്പ്യന്‍ഷിപ്പില്‍ നടത്തത്തില്‍ കേരളത്തിനുവേണ്ടി സ്വർണ്ണ മെഡല്‍ നേടിയ ആദിവാസി പെൺകുട്ടി ശൈലജ യുടെ തീഷ്ണമായ ജീവിതാനുഭവങ്ങൾ അവളെ കവയത്രിയാക്കി .

സ്ത്രീത്വത്തിനുനേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെയും ആദിവാസി സമൂഹത്തോടുള്ള അവഗണനക്കെതിരെയും അവള്‍ അക്ഷരങ്ങളിലൂടെ ശക്തമായി പ്രതികരിച്ചു. നടത്തത്തില്‍ ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ശൈലജ നീന്തിക്കടന്ന ജീവിതാനുഭവങ്ങളെയാണ് കവിതകളാക്കി മാറ്റിയത്. അഞ്ചാം ക്ളാസ് മുതലാണ് ശൈലജ എഴുത്ത് തുടങ്ങിയത്. ഓടക്കയം ട്രൈബല്‍ സ്കൂള്‍ പഠനകാലത്ത് അധ്യാപകര്‍ പ്രോത്സാഹനം നല്‍കി.

സ്കൂള്‍ കലോത്സവങ്ങളില്‍ കഥ–കവിതാ രചനയില്‍ പങ്കെടുത്ത് സമ്മാനം ലഭിച്ചു. പിന്നീട് തിരുവനന്തപുരം സ്പോര്‍ട്സ് ഹോസ്റ്റലിലായി പഠനം. കായിക പരിശീലനത്തിനിടയിലും എഴുത്തിനോടുള്ള പ്രിയം കുറഞ്ഞില്ല. കവിതകള്‍ വെളിച്ചം കാണാന്‍ പോകുന്നില്ലെന്ന് പലരും പറഞ്ഞെങ്കിലും മനസ്സില്‍ തോന്നുന്നതല്ലാം ഡയറിയില്‍ കുറിച്ചു. മികച്ചതെന്ന് മനസ്സുപറഞ്ഞ 50 കവിതകള്‍ നിറംമങ്ങാതെയുണ്ട് ശൈലജയുടെ ഡയറികളില്‍.

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയെ കുറിച്ചുള്ളതാണ് ഏറ്റവും ഒടുവില്‍ എഴുതിയ കവിത. ഇവയെല്ലാം ഉള്‍പ്പെടുത്തി സമാഹാരം പുറത്തിറക്കണമെന്നാണ് ശൈലജയുടെ സ്വപ്നം. പിതാവ് ഉണ്ണീര ശൈലജ ചെറുതായിരുന്നപ്പോള്‍തന്നെ മരിച്ചു. ദാരിദ്യ്രം തന്നെയായിരുന്നു കുഞ്ഞുനാള്‍ മുതല്‍ കൂട്ട്. ശാരീരിക അസ്വസ്ഥതകളെ മറികടന്നാണ് അമ്മ ലീല നാല് പെണ്‍മക്കളെയും വളര്‍ത്തിയത്. ഓലമേഞ്ഞ വീട്ടിലായിരുന്നു താമസം. ഉച്ചക്കഞ്ഞി ലഭിക്കുമെന്നതിനാലാണ് സ്കൂളില്‍ പോയിരുന്നത്. സ്പോര്‍ട്സില്‍ മികവു പുലര്‍ത്തിയതോടെ അധ്യാപകരുടെ നിര്‍ദേശപ്രകാരം പഠനം തിരുവനന്തപുരം വെള്ളായിനി സ്പോര്‍ട് സ് സ്കൂളിലേക്ക് മാറ്റി. പിന്നീട് വി വി രാജ സ്കൂളിലേക്കും.

2004ല്‍ കാഞ്ചിപുരത്ത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നടത്തത്തില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടി. രാജ്യത്തിനകത്ത് ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തു. മനസ്സുനിറയെ മൊട്ടിട്ട പ്രതീക്ഷകള്‍ അപ്രതീക്ഷിതമായെത്തിയ അസുഖം തട്ടിത്തകര്‍ത്തു. സന്ധിവേദനയാണ് കായിക ലോകത്തുനിന്നും ശൈലജയെ ഇല്ലാതാക്കിയത്. ഒരുപാട് കാലത്തെ ചികിത്സക്കൊടുവിലാണ് അസുഖം മാറിയത്. ബാബുരാജാണ് ഭര്‍ത്താവ്. മകന്‍: ഋതു നിവേദ്