ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്: മാധ്യമങ്ങള്‍ക്ക് വിലക്ക് ; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാവിലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. രണ്ടു വാല്യങ്ങളിലായി റിപ്പോര്‍ട്ടില്‍ 405 പേജുകളാണുള്ളത്.ഫോണ്‍കെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരി ക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി പറഞ്ഞു.

ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍കെണി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ സെക്രട്ടറിയേറ്റിന്റെ ഗേറ്റില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തിന്റെ അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായിട്ടില്ലെന്നാണ് കമ്മീഷൻറെ കണ്ടെത്തൽ. അന്വേഷണത്തില്‍ തൃപ്തനാണ്. വസ്തുതകളുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും ജസ്റ്റിസ് ആന്റണി പറഞ്ഞു.

വിവാദവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കക്ഷികള്‍ക്ക് സമയം നല്‍കിയിരുന്നു. കമ്മീഷന് മുമ്പില്‍ ആര്‍ക്ക് വേണമെങ്കിലും മൊഴി നല്‍കാന്‍ കഴിയും. മൊഴി നല്‍കണമോ എന്ന് കക്ഷികളാണ് തീരുമാനിക്കേണ്ടത്. ആരോപണം അന്വേഷിക്കാന്‍ ആവശ്യമായ സമയം ലഭിച്ചിരുന്നു. ആദ്യം മൂന്നു മാസം ലഭിച്ചു. പിന്നീട് ഒമ്പത് മാസമായി നീട്ടിതരികയും ചെയ്തു. സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സര്‍ക്കാര്‍ പുറത്തുവിടുന്നതുവരെ മാധ്യമങ്ങള്‍ കാത്തിരിക്കണമെന്ന് ജസ്റ്റിസ് ആന്റണി കൂട്ടിച്ചേര്‍ത്തു.