സി.പി.ഐ.(എം) ഇടതുപക്ഷമല്ല; അവര്‍ക്ക് മാര്‍ക്‌സുമായി യാതൊരു ബന്ധവും ഇല്ല: ജിഗ്നേഷ് മെവാനി

കേരളത്തിലെ സി.പി.ഐ.എം ഇടതുപക്ഷമല്ലെന്ന് ഉന സമരനായകന്‍ ജിഗ്നേഷ് മെവാനി. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണെന്നും കേരളത്തില്‍ അവര്‍ നിരന്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നെന്നും ജിഗ്നേഷ് പറയുന്നു. സി.പി.ഐ.എമ്മിന് ഇനിയും മാര്‍ക്‌സിനെക്കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ യാതൊരു ധാരണയുമില്ലെന്നും ജിഗ്നേഷ് പറയുന്നു.

കേരളത്തിലെ ജാതിക്കോളനികള്‍ നിലനിര്‍ത്തുന്നതില്‍ സി.പി.ഐ.എമ്മിന് വലിയ പങ്കുണ്ട്. വോട്ട് പൊളിറ്റിക്‌സിന്റെ ഭാഗമായിക്കൂടിയാണിത്. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന് പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല. കോര്‍പ്പറേറ്റുകളുമായി യാതൊരു നാണവുമില്ലാതെ അവര്‍ കൈകോര്‍ക്കുന്നതിന്റെ ഉദാഹരണമാണ് പുതുവൈപ്പിന്‍. അതിജീവനത്തിനായി സമരം ചെയ്ത ജനതയെ അടിച്ചമര്‍ത്താന്‍ പൊലീസ് സേനയെ ഉപയോഗിക്കുന്നു. സി.പി.ഐ.എമ്മിന്റെ കേരള മോഡല്‍ ഗുജറാത്ത് മോഡല്‍ പോലൊരു ദുരന്തമാണെന്നും ജിഗ്നേഷ് പറയുന്നു.

കേരളത്തിലെ സി.പി.ഐ ഒരു ഇടതുപക്ഷ നയം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടി തന്നെയാണ്. സി.പി.ഐ.(എം.എല്‍), റെഡ്സ്റ്റാര്‍, മസ്ദൂര്‍ ബിഗുല്‍ എന്നീ ഇടതുപക്ഷ സംഘടനകള്‍ ഇഷ്ടമാണ്. ഗുജറാത്തില്‍ ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ സി.പി.ഐ.എം ഞങ്ങളോട് ഐക്യപ്പെടുന്നു. എന്നാല്‍ കേരളത്തിലെ ഏത് ഭൂസമരത്തിലാണ് ഇവരുടെ പ്രാതിനിധ്യമുള്ളത്? ചെങ്ങറയോട് മൗനം പാലിക്കുക മാത്രമല്ല, സമരം ചെയ്ത ജനതയെ അടിച്ചൊതുക്കുവാനാണ് അക്കാലത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ശ്രമിച്ചത്. ഇത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? ഗുജറാത്തിലെ ദളിതര്‍ക്ക് മാത്രം ഭൂമി മതിയോ? കേരളത്തിലുള്ളവര്‍ക്ക് വേണ്ടേ? ജിഗ്നേഷ് ചോദിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇങ്ങനെ പറഞ്ഞത്.

അതേസമയം കോണ്‍ഗ്രസില്‍ യാതൊരു പ്രതീക്ഷയ്ക്കും വകയില്ലെന്നും സാമ്പത്തിക നയങ്ങള്‍ എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും ജിഗ്നേഷ് മെവാനി പറഞ്ഞു. ബി.ജെ.പിക്ക് ഇന്ത്യയില്‍ ഇത്രയധികം വളരാന്‍ ഇടംനല്‍കിയത് കോണ്‍ഗ്രസാണ്. ഗുജറാത്തിലെ പല കോണ്‍ഗ്രസ് നേതാക്കളേയും വിലയ്ക്കുവാങ്ങാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റുകളുമായി ഇരുകൂട്ടര്‍ക്കും വലിയ സൗഹൃദമാണുള്ളത്. മുഖ്യപ്രതിപക്ഷകക്ഷിയെന്ന നിലയ്ക്ക് കോണ്‍ഗ്രസ് ദാരുണമായി പരാജയപ്പെട്ടിരിക്കുന്നു. ഇനിയെന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് വിദ്യാര്‍ത്ഥി പ്രതിപക്ഷത്തിലും അടിസ്ഥാന ജനതയുടെ ബഹുജന്‍ സമരത്തിലാണെന്നും ജിഗ്നേഷ് പറയുന്നു.

നാളെ ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എനിക്ക് കോടികള്‍ ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കും. അവരെന്നെ രാജ്യത്തിന്റെ ദളിത് മുഖമാക്കും. പക്ഷേ എങ്ങനെയാണ് എനിക്കെന്റെ ആദര്‍ശത്തെ, എന്റെ സമുദായത്തെ, എന്റെ സമൂഹത്തെ, എന്റെ രാജ്യത്തെ ഒരു തുലാസിനപ്പുറം വെച്ച് തൂക്കിക്കൊടുക്കാനാവുക? ജിഗ്നേഷ് അഭിമുഖത്തിൽ ചോദിക്കുന്നു.