ദിലീപിനെതിരെ കുറ്റപത്രം സമർപ്പിച്ചു:കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകൾ; ജാമ്യം റദ്ദാക്കാനും അപേക്ഷ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.മാത്രമല്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അപേക്ഷയും പൊലീസ് നല്‍കി.നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.

നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, പൊലീസുകാരന്‍ അനീഷ് എന്നിവര്‍ മാപ്പുസാക്ഷികളാണ്.പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ (9ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ 11ാം പ്രതി, അഡ്വ രാജു ജോസഫ് (12ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

അയ്യായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്.കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും.