ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളി ; ചെന്നിത്തല

ഫോണ്‍ വിളി വിവാദത്തില്‍ ആരോപണവിധേയനായ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇടതുപക്ഷം പറയുന്ന സദാചാരത്തിന് എതിരല്ലെ ഇതെന്നും ജനങ്ങളോട് ഇതിന് എങ്ങനെ മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിചിത്രമാണ്. ധാര്‍മികതയെ കുറിച്ച് പറയാനുള്ള അവകാശം ഇടതുസര്‍ക്കാരിന് നഷ്ടമായിരിക്കുകയാണ്. പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട മാന്യത ശശീന്ദ്രന്‍ പുലര്‍ത്തിയില്ല.ആരോപിക്കപ്പെട്ട കുറ്റം ശശീന്ദ്രന്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല. പക്ഷെ മുഖ്യമന്ത്രി അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് പറയുന്നത്.

രഹസ്യമായി നടത്തിയ അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജിവെച്ചത്. പൊതു പ്രവര്‍ത്തകന്‍ പാലിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോഴായിരുന്നു രാജി. ചാനലിനെയും ചാനല്‍ മേധാവിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ശശീന്ദ്രന്‍ മാത്രം എങ്ങനെ കുറ്റവിമുക്തമാകുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രന്‍ വിഷയത്തിലെ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഇടതുസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല. മാധ്യമസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടുള്ള സമീപനം ആശ്ചര്യം ഉളവാക്കുന്നതാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞവരാണ് മെക്ക് ദേഹത്ത് കൊണ്ടെന്ന് പരാതി പറയുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാനുള്ള ധൈര്യം മാധ്യമങ്ങള്‍ക്കുണ്ടോ. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ആദ്യം പ്രതികരിക്കണ്ടത് മാധ്യമപ്രവര്‍ത്തകരാണെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഇപ്പോള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഐയുടെ പിന്തുണ തങ്ങള്‍ക്ക് ആവശ്യമില്ല. സിപിഐ അവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.