എം.എം.മണിയെ പരിസ്ഥിതി വിഷയത്തിലുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കണമെന്ന്‌ ബിനോയ് വിശ്വം

നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എം.എം.മണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനംമന്ത്രിയും സി.പി.ഐ. നേതാവുമായ ബിനോയ് വിശ്വം.എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് നിലപാട് പഠിപ്പിക്കാന്‍ സി.പി.എം. നേതൃത്വം തയാറാകണമെന്നും, പരിസ്ഥിതി എന്ന വാക്കുകേട്ടാല്‍ കാതുപൊത്തുകയും അശ്ലീലമെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ കയ്യേറ്റക്കാരാണെന്നും, ഭൂമിയെ ലാഭത്തിനുവേണ്ടി മാത്രം കാണുന്ന വന്‍കിട മുതലാളിമാരുടെ ഭാഷയാണ് മണിക്കെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

മാത്രമല്ല, ആദിവാസികളുടെ പേരുപറഞ്ഞ് കയ്യേറ്റക്കാരെ പശ്ചിമഘട്ടം കുത്തിക്കവരാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.ഒരിടത്ത് കൂട്ടമായി താമസിക്കുകയും മറ്റൊരിടത്ത് കൃഷിയിറക്കുകയും ചെയ്യുന്ന പാവങ്ങളെയും ആദിവാസികളെയും സംരക്ഷിക്കണമെന്നും, കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളില്‍ താമസിക്കുന്ന ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തയച്ച ആളാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും, ഇവരുടെ ഭൂമി പരമാവധി 500 ഏക്കറില്‍ കൂടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എന്നാല്‍, വി.എസ്. സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് കയ്യേറ്റലോബിയില്‍നിന്ന് കൊട്ടാക്കമ്പൂര്‍, വട്ടവട പ്രദേശത്തെ രക്ഷിക്കാനാണെന്നും. ആരെയും കുടിയിറക്കാന്‍ ഉദ്ദേശിച്ച് പ്രഖ്യാപിച്ചതല്ലെന്നും, നിയമപരമായ പട്ടയമുള്ളവര്‍ക്ക് പേടിക്കേണ്ട കാര്യമില്ലെന്നും, എന്നാല്‍ കയ്യേറ്റക്കാരെ രാഷ്ട്രീയവ്യത്യാസമില്ലാതെ ഒഴിപ്പിക്കണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.