ഔറംഗസീബ് രാജാവിൻറെ സ്ഥാനാരോഹണമെന്ന് രാഹുലിന്റെ സ്ഥാനാരോഹണത്തെ പരിഹസിച്ച് മോഡി

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും, കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നുമാണ് പ്രധാനമന്ത്രി പരിഹസിച്ചത്.കഴിവിനല്ല കുടുംബാധിപത്യത്തിനാണ് കോണ്‍ഗ്രസ്സില്‍ ഇടമെന്നും, ഗുജറാത്ത് വല്‍സദിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.

മുഗള്‍ ഭരണകാലത്ത് ഷാജഹാനു ശേഷം മകന്‍ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനാകുന്നതെന്നും മോദി വിമര്‍ശിച്ചു.ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നെന്നും, അങ്ങിനെ കോണ്‍ഗ്രസില്‍ ഔറംഗസേബ് ഭരണത്തിനാണ് തുടക്കമായതെന്നും, അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്നും, കോണ്‍ഗ്രസ്സിനകത്ത് ജനാധിപത്യമില്ലെന്നും മോദി കുറ്റപ്പെടുത്തി

ഗുജറാത്തിലെ വല്‍സദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ പറഞ്ഞതിനെ മോദി കളിയാക്കിയത്.

‘മുഗള്‍ ഭരണകാലത്ത് തിരഞ്ഞെടുപ്പ് നടന്നോയെന്നാണ് മണി ശങ്കര്‍ അയ്യര്‍ ചോദിക്കുന്നത്. ജഹാംഗീറിനുശേഷം ഷാജഹാന്‍ വന്നപ്പോള്‍ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ. ഷാജഹാനുശേഷം ഔറംഗഗസീബ് രാജാവായി.

അപ്പോഴും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? ഇതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്ന് അവര്‍ അംഗീകരിച്ചു. കുടുംബാധിപത്യമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നടക്കുന്നത്” മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ഔറംഗസീബ് രാജാവിനെ കിട്ടിയതില്‍ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മല്‍സരിക്കുമ്പോള്‍ എതിരാളികള്‍ ആരുമില്ലാത്തതിനെ ബിജെപി കളിയാക്കിയിരുന്നു. ഇതിനെതിരെയാണ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്.

ജഹാംഗീറിന്റെ സ്ഥാനത്ത് ഷാജഹാന്‍ വന്നപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നോ. ഷാജഹാനു പകരം ഔറംഗസേബ് വന്നപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നോ. രാജകുമാരന്റെ തലയിലേക്ക് കിരീടം സ്വാഭാവികമായി എത്തുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിലൂടെയായിരിക്കും ഇത് സംഭവിക്കുകയെന്നും അയ്യര്‍ പറഞ്ഞിരുന്നു.