പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി റോഡില്‍ ഫ്‌ലാഷ് മോബ് കളിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സോഷ്യല്‍ മീഡയയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ നിര്‍ദേശം നല്‍കി.പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ കേരളത്തിന് അപമാനകരമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.

സോഷ്യല്‍ മീഡിയവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കി.

മലപ്പുറം കുന്നുമ്മലിലാണ് എയ്ഡ്‌സ് ദിന ബോധവത്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് നടത്തിയത്. ചട്ടിപ്പറമ്പ് എജ്യുകെയര്‍ ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥിനികളാണ് പരിപാടി സംഘടിപ്പിച്ചത്.

സിനിമാഗാനത്തോടൊപ്പം ചുവടുവെക്കാന്‍ ആദ്യം മൂന്നു മുസ്‌ലിം പെണ്‍കുട്ടികളാണ് റോഡിലിറങ്ങിയത്.ശേഷം കുറേപേര്‍ നൃത്തത്തില്‍ പങ്കുചേര്‍ന്നെങ്കിലും മഫ്ത ധരിച്ച് റോഡില്‍ ഡാന്‍സ് കളിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍ മീഡയയില്‍ ചിലര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.