ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഇതു സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടുമെന്നും കമ്മീഷന്‍ പറഞ്ഞു.

സംഭവമറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അശുപത്രിയിലെത്തി. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച അദ്ദേഹം കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു.ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്ക് ഇന്ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കേന്ദ്രത്തിലെ വിദ്യാര്‍ഥിനി കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്ന പെണ്‍കുട്ടി താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടുകയായിരുന്നു..സഹപാഠികള്‍ ജാതിപ്പേര് വിളിച്ച് നിരന്തരം ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. സഹവിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചുവെന്നും വീട്ടുകാര്‍ പരാതിപ്പെട്ടു.

കഴിഞ്ഞ നവംബര്‍ 30 നായിരുന്നു സംഭവം. അധ്യാപകരും, സഹപാഠികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വീട്ടുകാരുടെ സൗകാര്യാര്‍ത്ഥം തിരുവനന്തപുരത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഐപിഎംഎസ് കോളേജിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.