ലൗ ജിഹാദെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

ലൗ ജിഹാദെന്നാരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. ഇതിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. വീഡിയോ പ്രചരിക്കുന്നത് തടയാന്‍ രാജസ്ഥാനിലെ രാജ്സമന്തില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു.

രാജ്സമന്ത് ജില്ലയിലെ റോഡരികില്‍ നിന്ന് പൊലീസ് ബംഗാള്‍ സ്വദേശിയായ അഫ്രാസുല്ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും കൊലപാതകി ശംഭു ലാല്‍ എന്ന രാജ്സമന്ത് സ്വദേശിയാണെന്ന് വ്യക്തമായി. ഇയാളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

യുവാവിനെ വെട്ടി വീഴ്ത്തിയ ശേഷം എന്തിനാണ് താന്‍ കൊല നടത്തിയതെന്ന് ശംഭു ക്യാമറയില്‍ നോക്കി വിശദീകരിക്കുന്നുണ്ട്. ഈ സമയത്താണ് ലൗ ജിഹാദ് എന്ന ആരോപണം ഉയര്‍ത്തുന്നത്. ഹിന്ദു യുവതിയെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ ഈ കൊലപാതകം നടത്തുന്നതെന്നാണ് ശംഭു ലാല്‍ വീഡിയോയില്‍ പറയുന്നത്.

അതേസമയം ഈ ദൃശ്യം പകര്‍ത്തിയ മൂന്നാമനെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.

‘ഒരു മനുഷ്യനെ കൊല്ലുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത് ഞെട്ടിപ്പിക്കുന്നു” എന്ന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.വെസ്റ്റ് ബംഗാളിലെ മാള്‍ര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട അഫ്രാസുല്‍ (48).