ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

ഓഖി ചുഴലിക്കാറ്റ് പിൻവാങ്ങിയെങ്കിലും ബോട്ടുകൾ കടലിൽ പോകുന്നതിനുള്ള വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല. അതുകൊണ്ട് ഫിഷിംഗ് ഹാർബറുകളെല്ലാം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. കേരളത്തിലെമ്പാടും മത്സ്യവ്യാപാര രംഗത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഹോട്ടലുകളിലും മൽസ്യ വിഭവങ്ങൾക്ക് വില ഉയർന്നു കഴിഞ്ഞു.

വൻകിട കോൾഡ് സ്റ്റോറുകളിലും മറ്റും സ്റ്റോക്കുള്ള മത്സ്യങ്ങളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. വിപണിയിൽ ലഭ്യമാകുന്ന ചാള [മത്തി ] പഴക്കം ചെന്നതാണെന്ന പരാതി വ്യാപകമായി തന്നെ ഉണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും മൽസ്യം എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന കിളി മീൻ, നത്തോലി, കൊഴുവ, കടൽ കറൂപ്പ്, കേര തുടങ്ങിയ മിക്ക ഇനങ്ങളും അപൂർവമാണ്. അതുകൊണ്ട് തന്നെ ഉള്ളതിന് തീവിലയും.

ബോട്ടുകൾ കടലിൽ പോയി തുടങ്ങിയാലും മൽസ്യവുമായി എത്താൻ ഏതാനും ദിവസം വേണ്ടി വരും. ആഴക്കടലിലേക്ക് പോകാൻ ഫിഷിംഗ് ബോട്ടുകാർക്ക് ഇനിയും ഭയപ്പാട് മാറിയിട്ടില്ല. അതുകൊണ്ട് വിപണികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് വ്യാപാരികൾ പറയുന്നു.

അതിനിടെ, ഓഖി കടലിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്. കാറ്റ് തീരക്കടലിൽ ആഞ്ഞുവീശിയതുകൊണ്ട് കടൽ ഇളകി മറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തീരക്കടലിലെ മൽസ്യകൂട്ടങ്ങൾ തൽക്കാലത്തേക്ക് ആഴക്കടലിലേക്ക് മാറി പോകാൻ ഇവർ സാധ്യത കാണുന്നു. സുനാമി അടിച്ചപ്പോൾ ഇത് സംഭവിച്ചിരുന്നു.

സുനാമിക്ക് ശേഷം പല ഇനങ്ങളുടെയും ലഭ്യത പ്രകടമായി തന്നെ താഴ്ന്നിരുന്നു. ഇക്കുറിയും ഈ പ്രതിഭാസം ആവർത്തിക്കുമോ എന്ന കനത്ത ആശങ്ക മൽസ്യത്തൊഴിലാളികൾക്കിടയിൽ ഉണ്ട്. എന്തായാലും ഓഖി ചുഴലിക്കാറ്റ് മാഞ്ഞുപോയെങ്കിലും അതിന്റെ കടുത്ത പ്രത്യാഘാതം മൽസ്യവിപണിയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇതോടൊപ്പം കുറഞ്ഞ തോതിൽ മാർക്കറ്റിൽ എത്തുന്ന പുഴ- കായൽ മൽസ്യങ്ങളുടെ വിലയും കുതിച്ചുയർന്നു. കരിമീൻ വില 550 -600 രൂപ തോതിലായി. കണമ്പ്, തിരുത, കാളാഞ്ചി, വഴുത, പിലോപ്പി തുടങ്ങിയ ഇനങ്ങളുടെ വിലയും കുതിപ്പിലാണ്. ശരാശരി കേരളീയന് പോഷകങ്ങൾ നൽകുന്ന മൽസ്യവിഭവങ്ങൾ തത്കാലത്തേക്ക് അന്യമായിരിക്കുകയാണ്. ഇതോടൊപ്പം വിപണിയിൽ സംഭവിച്ച മറ്റൊരു മാറ്റം കോഴി വിലയിൽ ഉണ്ടായ മുന്നേറ്റമാണ്. കഴിഞ്ഞ ആഴ്ച 80 രൂപയായിരുന്ന വില ഇപ്പോൾ 90 രൂപയാണ്. മൽസ്യ വില വൻ തോതിൽ ഉയർന്നതാണ് കോഴിയുടെ വിലയും കൂട്ടിയത്.