നെയ്യാറ്റിന്‍കരയിലെ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു; രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് സൂസപാക്യം

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ പെട്ടവരെ കണ്ടെത്തുന്നതുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ രൂപത. സര്‍ക്കാരിന്റെ നടപടികളില്‍ തൃപതിയില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രകടമാകുന്നത്. സമരമെന്ന് പറയാന്‍ ആവില്ല. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബിഷപ് ഹൗസില്‍ ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സംഭവത്തിന്റെ് ഗൗരവം മനസ്സിലാക്കാന്‍ ഇവരുടെ വികാരങ്ങളിലുടെ സാധിക്കട്ടെ. നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

ഒരു ഇടവകയില്‍ നിന്ന് മാത്രം 33 പേരെ കാണാനില്ല. അതുകൊണ്ട്തന്നെ അവരുടെ ദുഃഖങ്ങള്‍ മനസ്സിലാകും. കോസ്റ്റ്ഗാര്‍ഡിനും നേവിക്കും ചില പരിമിതികളുണ്ട്. അതിപ്പൊഴും നിലനില്‍ക്കുകയാണ്. നാഴെ രാവിലെ പൊഴിയൂര്‍ ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുമായി നേവിയുടേയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകളില്‍ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തൊക്കെ അന്വേഷണം നടത്തും. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നുതന്നെ നടത്തുമെന്നും ഡോ.സൂസപാക്യവുമായുള്ള ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചു.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ തിരുവനന്തപുരം-കന്യാകുമാരി ദേശീയപാത ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. എ.ഡി.എമ്മുമായുള്ള ചര്‍ച്ചയ്ക്ക ശേഷമാണ് തീരുമാനം. കടലില്‍ തിരച്ചിലിന് പോകുന്ന കപ്പലുകളില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താമെന്ന് എ.ഡി.എം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. പൊഴിയൂരില്‍ നിന്നുള്ളവരാണ് രാവിലെ മുതല്‍ ദേശീയപാത ഉപരോധിച്ചത്. പൊഴിയൂരില്‍ നിന്ന് കടലില്‍ പോയ 45 പേര്‍ തിരിച്ചെത്താനുണ്ടെന്നും ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.