കോണ്‍ഗ്രസുമായിയാതൊരു ബന്ധവും വേണ്ട; യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ

ബി.ജെ.പിയെ ചെറുക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നു സി.പി.എം. പോളിറ്റ് ബ്യൂറോ. സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പില്‍ അടവുനയങ്ങള്‍ ആകാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പി.ബിയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യമെന്നല്ല, ധാരണ പോലും വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനു തന്നെയായിരുന്നു കഴിഞ്ഞ പി.ബിയിലും മുന്‍തൂക്കം. സമവായ ചര്‍ച്ചയ്ക്കായി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണു പി.ബി. ചേര്‍ന്നതെങ്കിലും കോണ്‍ഗ്രസിനെ പൂര്‍ണമായും തള്ളിപ്പറയാന്‍ യെച്ചൂരി തയാറായില്ല. ഭൂരിപക്ഷ നിലപാടിനൊപ്പം, പി.ബി. തള്ളിയ യെച്ചൂരിയുടെ രേഖയും അടുത്ത മാസം കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയുടെ മുന്നിലെത്തും.

രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ അന്തിമ തീരുമാനത്തിനു വേണ്ടിയുള്ള കേന്ദ്ര കമ്മിറ്റി ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തുള്ള കേരള ഘടകവും യെച്ചൂരിക്കു പിന്നില്‍ അണിനിരക്കുന്ന ബംഗാള്‍ ഘടകവും തമ്മിലുള്ള മുഖാമുഖത്തിനും കളമൊരുങ്ങി. കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിരുദ്ധാഭിപ്രായങ്ങള്‍ സി.പി.എം. ദേശീയ നേതൃത്വത്തിലെ വിഭാഗീയത രൂക്ഷമാക്കിയിരുന്നു.

പി.ബി. തള്ളിയ രാഷ്ട്രീയരേഖ ജനറല്‍ സെക്രട്ടറി വീണ്ടും അവതരിപ്പിക്കുകയെന്ന അപൂര്‍വ സാഹചര്യത്തിനാകും കൊല്‍ക്കത്തയില്‍ ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം വേദിയാകുക. അതിനു മുമ്പ് അവെയ്‌ലബിള്‍ പി.ബി. ചേര്‍ന്നു വീണ്ടും അഭിപ്രായ സമന്വയത്തിനു ശ്രമിക്കാനും സാധ്യതയുണ്ട്. ബി.ജെ.പിയെ താഴെയിറക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ കാര്യമായ പിന്തുണ ലഭിച്ചിരുന്നു.

സഖ്യം വേണമെന്ന നിലപാട് അല്‍പ്പം മയപ്പെടുത്തിയാണ് യെച്ചൂരി ഇക്കുറി പി.ബിയിലെത്തിയത്. സമയവും സാഹചര്യവും പരിഗണിച്ച് അടവുനയം സ്വീകരിക്കുന്നതു പോലും കോണ്‍ഗ്രസുമായി സഖ്മോ ധാരണയോ ഉണ്ടാക്കാനുള്ള കുറുക്കുവഴിയാകുമെന്നു പോളിറ്റ് ബ്യൂറോ വിലയിരുത്തിയതോടെയാണ് വീണ്ടും കേന്ദ്രകമ്മിറ്റിയുടെ മുന്നിലെത്തുക.