രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

ഇന്ത്യയിലെ 3291 എഞ്ചിനീയറിംഗ് കോളേജുകളിലായി 51.5 ശതമാനം എഞ്ചിനീയറിംഗ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡുക്കേഷന്റെ(എഐസിടിഇ ) റിപ്പോര്‍ട്ട്. തൊഴില്‍ സാധ്യതകള്‍ കുറയുന്നതും അനധികൃത കോളെജുകളുടെ വളര്‍ച്ചയുമാണ് എന്‍ജിനീയറിംഗ് പഠനത്തിന് പ്രിയം കുറയാന്‍ കാരണമെന്നാണ് എഐസിടിഇയുടെ നിരീക്ഷണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ ശാഖയില്‍ 70 ശതമാനത്തോളം വരുന്ന എഞ്ചിനീയറിംഗ് മേഖലയാണ്് ഇത്തരത്തില്‍ അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുന്നത്. ഇന്ത്യയില്‍ മൊത്തം 15.5 ലക്ഷം സീറ്റുകളുള്ളതില്‍ 7.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് 2016-17 അക്കാദമിക് വര്‍ഷത്തില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അഡ്മിഷന്‍ നേടിയത്. 8 ലക്ഷത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2015-16 വര്‍ഷത്തില്‍ എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയെങ്കിലും 3.2 ലക്ഷം പേര്‍ക്ക് മാത്രമാണ് അതേ മേഖലയില്‍ തൊഴില്‍ നേടാനായത്.2011 ലെ നാസ്‌കോമിന്റെ സര്‍വേ പ്രകാരം 17.5 % എന്‍ജിനീയറിംഗ്് ബിരുദധാരികള്‍ മാത്രമാണ് ജോലി നേടിയത്.

വിലകുറഞ്ഞ കോഴ്സായിട്ടാണ് പലരും ഇപ്പോള്‍ എന്‍ജിനീയറിംഗിനെ കാണുന്നതെന്ന് കാണ്‍പൂര്‍ ഐടിഐ മുന്‍ ഡയറക്ടര്‍ സഞ്ജയ് ദാണ്ഡേ പറഞ്ഞു. മുന്‍പ് നിയമ ബിരുദധാരികള്‍ക്കും മറ്റു സാമൂഹ്യ ബിരുദങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുമായിരുന്നു ഈ ഗതിയെങ്കില്‍ ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്നവര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐസിടിഇ രേഖകള്‍ പ്രകാരം രാജ്യത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാംപസ് പ്ലേസ്മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി 50 ശതമാനത്തില്‍ താഴെയാണ്.ഇതിന്റെ ഭാഗമായി 153 കോളേജുകള്‍ അടച്ചുപൂട്ടാനുള്ള ഒരുക്കത്തിലാണ് എഐസിടിഇ. കേരളത്തില്‍ മൂന്ന് കോളേജുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. 2016-17 വര്‍ഷത്തില്‍ 58 ശതമാനം സീറ്റുകള്‍ മാത്രമേ കേരളത്തില്‍ പ്രവേശനം നടത്തിയുള്ളൂ. 62458 സീറ്റുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടില്ല.