മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള; മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍

മൂന്നാറിൽ വർണ്ണ കാഴ്ചകളൊരുക്കി പുഷ്പമേള. മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നാളെ(ഡിസംബർ 20 ) വൈകുന്നേരം വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി പുഷ്പമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ശൈത്യകാലം അസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ഞൂറില്‍ പരമുള്ള വ്യത്യസ്തങ്ങളായ പൂക്കളാണ് പുഷ്പമേളയ്ക്കായി മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.

ജമന്തി, മേരിഗോള്‍ഡ്, ഡയാന്റിസ്, വിട്രോണി, പുത്തിന്‍ സെത്തിയ, ക്രിസാന്തിസം, ഹിഗോണി, സലേഷ്യ, വിങ്ക തുടങ്ങിയ പതിവ് ഇനം പൂക്കള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന മറ്റുപൂക്കളുമുണ്ട്. അലങ്കാര മത്സരങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ബോട്ടിംഗ്, കയാക്കിംഗ് എന്നിവയും സഞ്ചാരികള്‍ക്ക് ഹരം പകരും. ദിവസവും വൈകിട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പാര്‍ക്കിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതാലങ്കാരങ്ങള്‍ വൈകുന്നേരങ്ങളില്‍ നിറശോഭ പകരും. ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് വരെയാണ് സഞ്ചാരികള്‍ക്ക് മേള കാണുവാന്‍ അവസരം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്. വിന്റര്‍ സീസണില്‍ പൂക്കളുടെ ലഭ്യത ധാരാളമായുള്ളത് ഈ സീസണില്‍ പുഷ്പമേള നടത്തുവാന്‍ പ്രചോദനമായെന്ന് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ കെ.ജെ.ജോസ് പറഞ്ഞു.

ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. തേക്കടി മേള വിജയകരമായി നടത്തി വരുന്ന കുമളി മണ്ണാറത്തറയില്‍ ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഹൈഡല്‍ ടൂറിസം വകുപ്പ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. മേള ജനുവരി 10 ന് സമാപിക്കും