” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ…പക്ഷെ, സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ല

അഡ്വ. കുക്കൂ ദേവകി

മായാനദി കണ്ടു… വിയോജിപ്പുകളാണ് ഏറെയുള്ളതെന്ന് പറഞ്ഞാൽ എല്ലാവരും കൂടി ഓടിച്ചിട്ട് അടിക്കുമെന്ന ഭയത്താൽ എഴുതപ്പെടുന്നതാണ്…. സിനിമയുടെ ഭാഷ സുന്ദരമാണ്… ക്രാഫ്റ്റും മനോഹരം…. അതോണ്ട് അതിൽ പറഞ്ഞുവെയ്ക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷ രാഷ്ട്രീയം എനിക്ക് കാണാൻ കഴിഞ്ഞില്ലയെന്നത് എന്റെ മാത്രം പ്രശ്നമാണോ?

രാത്രിയിൽ മെട്രോന്റെ കീഴിൽ ഭീതിയേതുമില്ലാതെ ഒറ്റക്ക് നടക്കുന്ന നായിക എന്നിൽ അത്ഭുതവും കൗതുകവുമുണർത്തി… ഇത്രയും നന്നായി മനോഹരമായി അത് സാധ്യമാണോ എന്ന് എന്റെ പഴമനസ്സ് ശങ്കിക്കുന്നു… നായികയുമായി ഇടപെടുന്ന ആണുങ്ങൾ അവളോട് വളരെ നന്നായി തന്നെ ഇടപെടുന്നവരാണ്…. അതും സിനിമ മേഖലയിൽപ്പെടുന്നവർ… അത് ആഷിഖ് അബുവിന് മാത്രം സാധ്യമാകുന്നതാണോ?

പിന്നെ സ്ത്രീപക്ഷം ഉദ്ഘോഷിക്കപ്പെടുന്നത് ആ ഒരറ്റ ഡയലോഗിൽ ആണ്.. ” സെക്സ് ഈസ് നോട്ട് എ പ്രോമിസ്”… അതൊരു നല്ല ഡയലോഗ് തന്നെ… ആ പ്രോമിസിൽ ജീവിതം തള്ളിനീക്കുന്ന മഹാ ഭൂരിപക്ഷം പെണ്ണുങ്ങളെക്കുറിച്ചോർക്കുമ്പോഴാണ്…. ഒരു സുഖം!!..

പിന്നെ സൗന്ദര്യമുള്ളോർക്ക് പറഞ്ഞതാണല്ലോ ഈ പ്രണയവും സംഗീതവുമെല്ലാം… ആ സ്വാദനവും അന്തമാതിരി പ്രണയങ്ങൾക്കേ ലഭിക്കുകയുള്ളൂ… കാണാൻ ഒരു ചന്തവും ചേലുമൊക്കെ വേണ്ടേ? “നീയൊരു വിഡ്ഢിയാണ് മാത്തൻ, അവൾ നിന്നെ പറ്റിക്കയായിരുന്നു ” എന്ന് പോലീസുകാരൻ പറയുമ്പോൾ മാത്തൻ പറയുന്നുണ്ട് എന്നാലും ഞാനവളെ സ്നേഹിക്കുന്നുവെന്ന്…

മാത്താ നീയെന്നല്ല ഏതു ആണും സ്നേഹിച്ചു പോകും… ” ഇത്രയും സുന്ദരിയായ ബോൾഡായ ബുദ്ധിയുള്ള ഒറ്റക്ക് ജീവിക്കുന സെക്സിൽ ലിബറലായ പെണ്ണിനെ സ്നേഹിച്ചു പോകും…. അല്ലാത്ത പെണ്ണുങ്ങൾ മൂത്ത് മുരടിച്ച് പ്രണയ മറിയാതെ ലൈംഗികത അറിയാതെ ചാവും അത്ര തന്നെ…