കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി

ഡി എം കെ നേതാവ് കരുണാനിധിയെ രജനീകാന്ത് സന്ദര്‍ശിച്ചു.കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനികാന്തിന്റെ സന്ദര്‍ശനം.തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് രജനീകാന്ത് കരുണാനിധിയെ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

20 മിനിട്ടോളം നിണ്ട കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡിഎംകെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്തു.രാഷ്ട്രീയപ്രവേശനതീരുമാനം അറിയിച്ച് ആശീര്‍വാദം തേടുന്നതിനായാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദേഹം പ്രതികരിച്ചു. ഡിഎംകെ പുതുവര്‍ഷാശംസ നേര്‍ന്നുവെന്നും അദേഹം വ്യക്തമാക്കി.

ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിപ്ലവത്തിന് സമയമായെന്ന് വ്യക്തമാക്കിയ രജനീകാന്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപവത്കരിക്കുമെന്നും സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപന വേളയില്‍ അറിയിച്ചിരുന്നു.