ആര്‍കെ നഗറില്‍ ദിനകരന്‍ വിജയം പണം കൊടുത്ത് വാങ്ങിയതെന്ന് കമല്‍ഹാസന്‍

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ വിജയിച്ചത് പണത്തിന്റെ പിന്‍ബലത്തിലെന്ന് നടന്‍ കമല്‍ഹാസന്‍. തമിഴ്‌നാട് രാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയും ദിനകരന്റെ പണക്കൊഴുപ്പിലുള്ള വിജയം നാണക്കേടാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ് കമല്‍ഹാസന്‍ ആരോപണമുന്നയിച്ചത്.

പേരെടുത്ത് പരാമര്‍ശിക്കാതെ കമല്‍ഹാസന്‍ ദിനകരന്റെ വിജയത്തിനെ കുറ്റപ്പെടുത്തുന്നത്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടര്‍ന്ന് ആര്‍കെ നഗറില്‍ നടത്തിയ ഉപതിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. തിരഞ്ഞെടുപ്പിലെ വിജയം പണംകൊടുത്ത് വാങ്ങിയതാണ്. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ്-കമല്‍ പറയുന്നു.

തന്റെ വിജയം ദഹിക്കാത്തതുകൊണ്ടാണ് കമല്‍ഹാസന്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്ന് ദിനകരന്‍ തിരിച്ചടിച്ചു. ഈ പ്രസ്താവന ആര്‍കെ നഗറിലെ വോട്ടര്‍മാരെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു.
കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത് രാഷട്രീയത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ രജനിക്ക് പിന്തുണ അറിയിച്ചിരുന്നു.