ലാലു പ്രസാദ് യാദവിന് ശിക്ഷ വിധിച്ചു; മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നരവര്‍ഷം തടവ് ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണം. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ലാലുവിനെ കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ കുറ്റക്കാനാണെന്ന് കണ്ടെത്തിയതു മുതല്‍ ലാലു റിമാന്‍റിലായിരുന്നു.

ശിക്ഷയിന്മേലുള്ള വാദം കഴിഞ്ഞദിവസം റാഞ്ചി സിബിഐ കോടതിയിൽ പൂര്‍ത്തിയായിരുന്നു. ലാലുവിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വിധിക്ക് ശേഷം അദ്ദേഹത്തിന്‍റെ അനുയായികൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന സിബിഐ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തൽ വാദമഖങ്ങളില്‍ ലാലുവിന് തിരിച്ചടിയായി.

കേസിൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. പരമാവധി ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ലാലുവിന് മേല്‍ ചുമത്തിയത്. 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിൽ ആറ് കേസുകളിലാണ് ലാലു പ്രസാദ് യാദവിനെ പ്രതിചേര്‍ത്തത്. അതിൽ രണ്ടാമത്തെ കേസിലാണ് ശിക്ഷാവിധിയെത്തിയിരിക്കുന്നത്.

കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ 84.5 ലക്ഷം രൂപ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് പിൻവലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിംഗ് ശിക്ഷ വിധിച്ചത്. തൊണ്ണൂറുകളിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയിൽ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ആറുകേസുകളിൽ ലാലുപ്രസാദ് യാദവ് പ്രതിയാണ്.

2013ൽ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസിൽ ലാലുവിനെ അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും നേരിടേണ്ടിവന്നിരുന്നു.