ശ്രീജിവിന്റെ കസ്റ്റഡിമരണം: സി.ബി.ഐ അന്വേഷിക്കുമെന്ന് എം.പിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത തുറക്കുന്നു. കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യന്ത്രി ജിതേന്ദ്ര സിംഗ് ഉറപ്പ് നല്‍കിയതായി എം.പിമാരായ കെ.സി വേണുഗോപാലും ശശി തരൂരും. സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ഇന്നു തന്നെ സംസാരിക്കുമെന്ന് ജിതേന്ദ്ര സിംഗ് അറിയിച്ചതായും എം.പിമാര്‍ അറിയിച്ചു.

അതേസമയം, എം.പിമാര്‍ക്ക് ഉറപ്പുലഭിച്ചാല്‍ മാത്രം പോര, അന്വേഷണ സംഘത്തില്‍ നിന്നുള്ള നേരിട്ടുള്ള ഉറപ്പ് ആവശ്യമാണ്. അന്വേഷണ നടപടി തുടരുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ശ്രീജിവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം 766ാം ദിവസം തുടരുകയാണ്.

ശ്രീജിവിന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ജീവനക്കാരുടെ അപര്യാപ്തത മൂലം കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്.