സുപ്രീം കോടതിയിലെ ജഡ്ജിമാർ തമ്മിൽ വാക്കേറ്റമുണ്ടായി; പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് എ.ജി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാർത്താ സമ്മേളനം വിളിച്ച് നാല് ജഡ്ജിമാർ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മാത്രമെ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ തിങ്കളാഴ്ച കോടതി ചേർന്നപ്പോൾ ജഡ്ജിമാർ തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായതായി ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. സീനിയോറിട്ടിയിൽ പത്താം സ്ഥാനത്തുള്ള ജഡ്‌ജിയായ അരുൺ മിശ്ര,​ വിമത സ്വരം ഉയർത്തിയ ജഡ്ജിമാരോട് കയർത്ത് സംസാരിക്കുകയായിരുന്നു എന്നാണ് സൂചന. സുപ്രധാന കേസുകൾ കൈകാര്യം ചെയ്യാൻ ചീഫ് ജസ്റ്റിസ് ഏല്പിച്ചവരിൽ ഒരാളായിരുന്നു അരുൺ മിശ്ര. മുൻ ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തുവിന്റെ കാലത്ത് തന്നെ സുപ്രധാന കേസുകൾ കേൾക്കുന്ന തന്നെപ്പോലുള്ള ജഡ്ജിമാരെ മോശമാക്കുന്ന തരത്തിലാണ് മുതിർന്ന ജഡ്ജിമാരുടെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ,​ ഇതിനെ വിമതനിരയിലെ പ്രധാനിയായ ജസ്‌റ്റിസ് ചെലമേശ്വർ എതിർത്തതോടെ വാക്കേറ്റം രൂക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രശ്നങ്ങൾ ഗുരുതരമാകുമെന്ന സ്ഥിതി വന്നപ്പോൾ ദീപക് മിശ്ര ഇടപെട്ട് അരുൺ മിശ്രയെ ശാന്തനാക്കുകയായിരുന്നു. ഇതാണ് 10.30ന് തുടങ്ങേണ്ട കോടതി നടപടികൾ 15 മിനിട്ടോളം വൈകാൻ ഇടയാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ലോയ കേസിൽ വാദം കേൾക്കുന്നത് അരുൺ മിശ്രയുടെ ബെഞ്ചാണ്.

അതേസമയം,​ പരസ്യമായി പ്രതിഷേധിച്ച നാല് മുതിർന്ന ജഡ്ജിമാരെയും മാറ്റിനിറുത്തി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് ഇന്നലെ ഉടച്ചുവാർത്തിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരാണ് ഇപ്പോൾ ഭരണഘടനാ ബെഞ്ചിലുള്ളത്.