ഗീതാ ഗോപിനാഥിന്റെ സാന്പത്തിക നിർദ്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് സി.പി.ഐ

മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ച് സി.പി.ഐ രംഗത്ത്. ഗീതയുടെ നിർദ്ദേശങ്ങളെ കരുതലോടെ കാണണമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാൽ ചെലവുചുരുക്കൽ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കാവു. സർക്കാർ തലത്തിൽ നടക്കുന്ന അനാവശ്യ ധൂർത്തും ഒഴിവാക്കാവുന്ന ചെലവുകൾ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാൻ ഇടയില്ല. എന്നാൽ നിർദ്ദിഷ്ട ചെലവുചുരുക്കൽ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കൽ നയങ്ങളുടെ തനിയാവർത്തനമാകാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണം. മാദ്ധ്യമങ്ങളുമായി അനൗപചാരിക സംഭാഷണം നടത്തുന്നതിനിടെ ഗീത പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും തരത്തിൽ കേരള സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണ്. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിർദ്ദേശമല്ല. സർക്കാരിന്റെ ‘ബാദ്ധ്യതയായ’ ശമ്പളം, പെൻഷൻ, സബ്സിഡികൾ, ക്ഷേമപദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരിൽ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിൽ ഒരു ചാലകശക്തിയായി അവർ പ്രവർത്തിക്കുമെന്നും സൂചന നൽകുന്നുണ്ട്.

പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുഖമുദ്ര‌യാണ് ചെലവുചുരുക്കൽ. അതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കർഷകരും തൊഴിൽരഹിതരുമാണ്. അത് ഗ്രീസ്, സ്‌പെയിൻ, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ വൻ സാമ്പത്തിക കുഴപ്പങ്ങൾക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചതെന്നത് മറക്കരുതെന്നും പത്രം ഓർമിപ്പിക്കുന്നു.