താരമുന്നണി: രജനിയും കമലും ഒരു മുന്നണിയായി മത്സരിക്കുമെന്ന് സൂചന

ചലച്ചിത്ര ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന തമിഴ് സൂപ്പർ താരങ്ങളായ കമലഹാസനും രജനീകാന്തും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് സൂചന. മലേഷ്യയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇരുവരും വീണ്ടും ഒരേ വേദിയിൽ എത്തിയതോടെയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമായത്. ബുധനാഴ്ച ചെന്നെെയിൽ നടന്ന സിനിമാ ലോഞ്ച് വേദിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

തന്റെ പുതിയ പാർട്ടി ഫെബ്രുവരി 21ന് പ്രഖ്യാപിക്കുമെന്ന് കമലഹാസൻ അറിയിച്ചതിന് പിന്നാലെ ഇരുവരും വേദി പങ്കിട്ടത് തമിഴ് രാഷ്ട്രീയത്തിൽ പുതിയ താരമുന്നണി ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. രജനീകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘സമയം എല്ലാം പറയും” എന്നായിരുന്നു താരമുന്നണിയെ കുറിച്ചുള്ള ചോദ്യത്തിന് രജനിയുടെ മറുപടി.

ജനുവരി ഏഴിനാണ് ക്വാലാലംപൂരിൽ വച്ച് നേരത്തെ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട് രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിൽക്കുന്ന മാറാത്ത സാഹചര്യങ്ങളോട് പടപൊരുതാനാണ് താൻ ഇറങ്ങുന്നതെന്നായിരുന്നു തന്റെ പുതിയ നിയോഗത്തെ കുറിച്ചുള്ള കമലിന്റെ വാക്കുകൾ. ഇരുവരും ഒരു മുന്നണിയിൽ പ്രവർത്തിക്കുകയാണെങ്കിൽ പുതിയ ചരിത്രത്തിനാകും തമിഴ്നാട് രാഷ്ട്രീയത്തിൽ തുടക്കമാവുക.